/sathyam/media/media_files/2025/08/29/lottery-jpg-2025-08-29-17-24-59.webp)
തിരുവനന്തപുരം: ജി.എസ്.ടി കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടാതിരിക്കാന്‍ സമ്മാനങ്ങളുടെ എണ്ണം കുറച്ച് ഭാഗ്യക്കുറി വകുപ്പ്. ബമ്പര്‍ ടിക്കറ്റുകള്‍ ഒഴികെയുള്ള ലോട്ടറികളുടെ സമ്മാനങ്ങളാണ് വെട്ടിക്കുറച്ചത്.
സാധാരണ ലോട്ടറികളില്‍ കൂടുതല്‍ സമ്മാനങ്ങള്‍ അടിക്കാറുള്ള 5000, 1000 രൂപ പ്രൈസുകളുടെ എണ്ണത്തിലാണ് കുറവ് വരുത്തിയത്. ഒരു ലോട്ടറിയുടെ സമ്മാനങ്ങളില്‍ ശരാശരി ആറായിരത്തോളം സമ്മാനങ്ങള്‍ കുറയ്ക്കാനാണ് തീരുമാനം.
ഒരുകോടി രൂപയിലധികം കുറവാണ് സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ സമ്മാനഘടന സംബന്ധിച്ച് പരാതികളുള്ളപ്പോള്‍ വീണ്ടും സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കുന്നത് വില്‍പ്പനയെ ബാധിക്കുമെന്നാണ് ഏജന്റുമാരുടെ ആശങ്ക. സമ്മാനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം ലോട്ടറി ഏജന്റുമാരുടെ കമ്മീഷനിലും കുറവ് വരുത്തിയിട്ടുണ്ട്.
ടിക്കറ്റ് വില വര്‍ധിപ്പിച്ചാല്‍ വില്‍പ്പന കുത്തനെ ഇടിയുമെന്ന വിലയിരുത്തലിലാണ് സമ്മാനങ്ങളുടെ എണ്ണത്തിലും ഏജന്റ് കമ്മീഷനിലും കുറവ് വരുത്തിയത്. ടിക്കറ്റ് വില 50 രൂപയായി തന്നെ തുടരും. രണ്ടുമാസം മുമ്പാണ് സാധാരണ ലോട്ടറികളുടെ വില 40 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഉടന്‍ വില വര്‍ധിപ്പിച്ചാല്‍ തിരിച്ചടി ആകുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ നിഗമനം.
ലോട്ടറി ടിക്കറ്റുകള്‍ക്ക് 40 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ 28 ശതമാനമായിരുന്നു.
ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായി നികുതി ഉയരുമ്പോള്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവരും. ടിക്കറ്റ് വില കൂട്ടാതെ ജിഎസ്ടി നിരക്ക് വര്‍ദ്ധനവ നടപ്പാക്കുന്നതിന് വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, ഏജന്റ് കമ്മീഷനും കുറക്കാന്‍ തീരുമാനിച്ചത്.
ആഴ്ചയില്‍ ഓരോ ദിവസവും നറുക്കെടുക്കുന്ന സുവര്‍ണകേരളം, ഫിഫ്റ്റി ഫിഫ്റ്റി, സ്ത്രീ ശക്തി തുടങ്ങിയ ടിക്കറ്റുകളുടെ സമ്മാന ഘടനയിലാണ് മാറ്റം വരുത്തിയത്. ഒന്നും രണ്ടും മൂന്നും നാലും സമ്മാനങ്ങളില്‍ ഒന്നും മാറ്റമില്ല.
കൂടുതല്‍ പേരെ ഭാഗ്യവാന്മാര്‍ ആക്കുന്ന 5000 രൂപയുടെയും, 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണമാണ് കുറച്ചത്. സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റില്‍ മുന്‍പ് 21600 പേര്‍ക്ക് 5000 രൂപയുടെ സമ്മാനവും 32400 പേര്‍ക്ക് 1000 രൂപയുടെ സമ്മാനവും ലഭിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയുടെ സമ്മാനങ്ങള്‍ 20520 ആയി കുറയും.
1000 രൂപയുടെ സമ്മാനങ്ങള്‍ 27000 ആയും കുറഞ്ഞിട്ടുണ്ട്. സുവര്‍ണ കേരളം ലോട്ടറിയില്‍ മാത്രം 6480 സമ്മാനങ്ങളുടെ കുറവ് വന്നു. സമ്മാനത്തുക കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുറവ് വരും. ടിക്കറ്റ് വില്‍പന നടത്തുമ്പോഴും, വില്‍പ്പന നടത്തിയ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിക്കുമ്പോഴും ഏജന്റിന് ലഭിക്കുന്ന കമ്മീഷനിലും കുറവ് വരുത്തിയിട്ടുണ്ട്.
സമ്മാനങ്ങള്‍ക്കുള്ള കമ്മീഷന്‍ തുക 12 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്. ടിക്കറ്റിന് വില്‍ക്കുന്നയാള്‍ക്ക് ടിക്കറ്റ് ഒന്നിന് 75 പൈസ വീതവും കമ്മീഷന്‍ കുറയും.