/sathyam/media/media_files/u2Xta4nU6cboDc0bVvQI.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റവും നടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി. 1100 കോടി രൂപ വ്യാജ ജിഎസ്ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
സെപ്റ്റംബർ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യാജ ജിഎസ്ടി തട്ടിപ്പ് സ്ഥിരീകരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ ഏഴ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റം നടന്നുവെന്ന ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നതായി കഴിഞ്ഞദിവസം ധനമന്ത്രിയും നിയമസഭയിൽ അറിയിച്ചു.
നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിലും വ്യാജമായി ജിഎസ്ടി ബിൽ നിർമ്മിച്ചു നൽകിയ സ്ഥാപനങ്ങളെയും കണ്ടെത്തിയിരുന്നു. എന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനപ്പുറത്തേക്ക് തട്ടിപ്പ് ആസൂത്രണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് പലപ്പോഴും അന്വേഷണം എത്തുന്നില്ലെന്നാണ് സൂചനകൾ.