തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുക, വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കുക എന്നിവ ലക്ഷ്യമാക്കി 'നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നെസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ജിടെക് കേരള മാരത്തണിന്‍റെ മൂന്നാം പതിപ്പ് ഫെബ്രുവരി 9 ന് തിരുവനന്തപുരത്ത് നടക്കും.
മാരത്തണില്‍ പങ്കെടുക്കാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത 7000 പേരില്‍ 1500 പേര്‍ വനിതകളാണ്. ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണ്‍ ആണിത്.
സംസ്ഥാനത്തെ 250 ലധികം വരുന്ന ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ആണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഏകദേശം 1,25,000 ഐടി പ്രൊഫഷണലുകള്‍ ഇതിന്‍റെ ഭാഗമാണ്. സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകളുടെ സാന്നിധ്യമുള്ള സംഘടനയാണ് ജിടെക്.
ടെക്നോപാര്‍ക്കില്‍ രാവിലെ 5.30ന് ആരംഭിക്കുന്ന മാരത്തണില്‍ ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., ഫണ്‍ റണ്‍ (3 കി.മീ-5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുള്ളത്.
സംസ്ഥാനത്തെ പ്രമുഖ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ മാരത്തണിന്‍റെ ഭാഗമാകും. ലിംഗ, പ്രായ, കായികക്ഷമതാ ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ മാരത്തണില്‍ ഒരുമിച്ച് കൊണ്ടുവരും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തണില്‍ പങ്കെടുക്കാന്‍ സാധിക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ദിവസം കൂടി രജിസ്റ്റര്‍ ചെയ്യാനാകും. രജിസ്ട്രേഷനായി www.gtechmarathon.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് നമ്പര്‍ പതിച്ച ടി-ഷര്‍ട്ട്, ബാഗ് എന്നിവ നല്കും. ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലും ലഭിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഓട്ടത്തിന് ശേഷം പ്രഭാതഭക്ഷണം നല്‍കും. ആംബുലന്‍സ് സൗകര്യവും ലഭ്യമാണ്. മാരത്തണ്‍ ആരംഭിക്കുന്നതിന് മുമ്പ് സുംബയും മറ്റ് എയ്റോബിക് വ്യായാമങ്ങളും ചെയ്യാനുള്ള അവസരവുമുണ്ട്.