ജിടെക് പ്രൊമോ മാരത്തണ്‍ സംഘടിപ്പിച്ചു

New Update
Pic-3
തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) ടെക്‌നോപാര്‍ക്കില്‍ പ്രൊമോഷണല്‍ റണ്‍ സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 15 ന് കൊച്ചിയില്‍ നടക്കുന്ന ജിടെക് മാരത്തണിന്‍റെ നാലാം പതിപ്പിന് മുന്നോടിയായാണ് പ്രൊമോഷണല്‍ റണ്‍ സംഘടിപ്പിച്ചത്. 
Advertisment
 
സംസ്ഥാന സര്‍ക്കാരിന്‍റെ 'സേ നോ ടു ഡ്രഗ്‌സ്' ലഹരിവിരുദ്ധ കാമ്പയിനിനെ പിന്തുണയ്ക്കുന്നതിനും ലഹരി ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് മാരത്തണ്‍. ടെക്‌നോപാര്‍ക്ക് ഫേസ്1, ടിസിഎസ് കാമ്പസ് എന്നിവിടങ്ങളില്‍ നടന്ന പ്രൊമോ റണ്ണില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ 50 ലധികം ഐടി കമ്പനി സിഇഒമാരെ കൂടാതെ 250 ലധികം പേര്‍ പങ്കെടുത്തു. 5 കിലോമീറ്റര്‍ പ്രൊമോ റണ്‍ ആണ് നടന്നത്.

ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹരി പ്രസാദ്, ഓസ്പിന്‍ ടെക്‌നോളജീസ് സിഇഒ പ്രസാദ് വര്‍ഗീസ്, കൈസെമി മാനേജിംഗ് ഡയറക്ടര്‍ ജെഫ് ബോക്കര്‍, വര്‍ക്ക്‌പ്ലേസ് സ്ഥാപകന്‍ ഹരീഷ് മോഹന്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക്‌നോളജി സെക്ടര്‍ ലീഡ് സിജോയ് തോമസ് എന്നിവര്‍ പ്രൊമോ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന്  ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.

ലഹരിമരുന്ന് ഉപയോഗം സങ്കല്‍പ്പിക്കാനാവാത്ത വിധമുള്ള നാശമാണ് സമൂഹത്തിലുണ്ടാക്കുന്നത്. സമാന ചിന്താഗതിക്കാരായ ആളുകള്‍ 'നോ ടു ഡ്രഗ്‌സ്', ' യെസ് ടു ഫിറ്റ്‌നസ്' എന്ന സന്ദേശവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കണം. കേരളത്തെ ലഹരിമരുന്ന് രഹിതമാക്കുന്നതിന് ഇതുപോലുള്ള കാമ്പെയ്നുകളെ ഒരു പൊതു ബഹുജന പ്രസ്ഥാനമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ വി, കെന്നഡിസ് ഐക്യു ഇന്ത്യ സിഇഒ യും ജിടെക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടോണി ജോസഫ്, സോഫ്റ്റ്നോഷന്‍സ് ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യന്‍, ഐട്രെയ്റ്റ്‌സ് ഐടി സൊല്യൂഷന്‍സ് സിഇഒയും ജിടെക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിജി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു. ക്രിസ്മസ് കാലത്തെ ഓര്‍മ്മിപ്പിച്ച് മാരത്തണില്‍ പങ്കെടുത്തവര്‍ സാന്താ തൊപ്പികളും ധരിച്ചിരുന്നു.

പ്രായം, ദേശം, ലിംഗഭേദം ,ഫിറ്റ്‌നസ് നിലവാരം എന്നിവ കണക്കിലെടുക്കാതെ സംഘടിപ്പിക്കുന്ന മാരത്തണില്‍ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 10,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഹാഫ് മാരത്തണ്‍ (21.1 കി.മീ), 10 കി.മീ., 6 കി.മീ., ഫണ്‍ റണ്‍ (3 കി. മീ.) എന്നീ വിഭാഗങ്ങളിലായാണ് മാരത്തണ്‍.

ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണ്‍ ആണിത്. ഇതില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് https://www.gtechmarathon.com/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രൊഫഷണലുകള്‍ അടങ്ങുന്ന 300 ലധികം ഐടി കമ്പനികള്‍ ജിടെക്കിലെ അംഗങ്ങളാണ്. ആകെ 1.50 ലക്ഷത്തിലധികം ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസെന്റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി, ഇവൈ, ടാറ്റാ എല്‍ക്‌സി തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ഐടി കമ്പനികളും ജി-ടെക്കിന്‍റെ ഭാഗമാണ്.
Advertisment