/sathyam/media/media_files/2024/10/28/jJWSUE9ZEP5gJuFKojz0.jpg)
കൊച്ചി : ദുബായിൽ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന ജിടെക്‌സ് ഗ്ലോബലിന്റെ പ്രധാന വിഭാഗമായ 'എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2025' എക്‌സ്‌പോയിൽ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും 35 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും.
ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി-നിക്ഷേപക-സ്റ്റാർട്ടപ്പ് സംഗമങ്ങളിൽ ഒന്നാണ്. ജിടെക്‌സ് ഫ്യൂച്ചർ സ്റ്റാർസ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയിൽ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം സ്റ്റാർട്ടപ്പുകളും 1,500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.
കെഎസ്‌യുഎം ഒരുക്കുന്ന പ്രത്യേക കേരള പവലിയൻ (ഹാൾ 10, സ്റ്റാളുകൾ ബി94–ബി129) വഴി സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ഇത് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നവീകരണം, നിക്ഷേപം, ആഗോള സഹകരണം എന്നിവയ്ക്കുള്ള ഒരു പ്രധാന വേദിയാണ്.
അന്താരാഷ്ട്ര നിക്ഷേപകരുമായും പങ്കാളികളുമായും ബന്ധം സ്ഥാപിക്കാൻ ജിടെക്സ് എക്സ്പോ കേരള സ്റ്റാർട്ടപ്പുകൾക്ക് കവാടമാകുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുക, നിക്ഷേപ സാധ്യതകൾ കണ്ടെത്തുക, ആഗോള വിപണിയിലേക്കുളള പ്രവേശനം എന്നിവയ്ക്ക് എക്സ്പാൻഡ് നോർത്ത് സ്റ്റാർ മികച്ച വേദിയാണ്. കെഎസ് യുഎമ്മിന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ നിലവില്‍ ദുബായിലുള്ളത് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സാസ് (സോഫ്റ്റ്വെയര്‍ ആസ് സര്‍വീസ്), ഹെൽത്ത്‌ടെക്, എഡ്യുടെക്, സസ്റ്റൈനബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകളാണ് കെഎസ്‌യുഎം പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കേരള സ്റ്റാർട്ടപ്പുകളുടെ സാന്നിദ്ധ്യവും ബിസിനസ് ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിപാടികളും നെറ്റ്‌വർക്കിംഗ് സെഷനുകളും ഒരുക്കി യുഎഇയിലെ ഇന്ത്യൻ എംബസിയും മികച്ച പിന്തുണ നൽകുന്നുണ്ട്.
ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നാക്കി സംസ്ഥാനത്തെ മാറ്റാനും പ്രാദേശിക നവീന ആശയങ്ങളെ ആഗോള നിക്ഷേപകരുമായും കോർപ്പറേഷനുകളുമായും ബന്ധിപ്പിക്കാനും കെഎസ് യുഎം ഈ വേദി ഉപയോഗപ്പെടുത്തും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കെഎസ് യുഎം ഈ ആഗോള സംഗമത്തില്‍ പങ്കെടുത്തു വരുന്നു.