ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക്

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ (നവംബര്‍ 16ന് വൈകുന്നേരം 5 മണിക്ക്) പുരസ്‌കാരം സമ്മാനിക്കും. 

New Update
k ambika devi

ഗുരുവായൂര്‍: ദേവസ്വം നല്‍കുന്ന 2025ലെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ.പാല്‍കുളങ്ങര കെ അംബികദേവിക്ക് സമ്മാനിക്കും. 

Advertisment

കഴിഞ്ഞ ആറു പതിറ്റാണ്ടായി കര്‍ണാടക സംഗീത ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. 


ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ (നവംബര്‍ 16ന് വൈകുന്നേരം 5 മണിക്ക്) പുരസ്‌കാരം സമ്മാനിക്കും. 


മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാ ആചാര്യ അവാര്‍ഡ് നേടിയ പ്രൊഫ. പാല്‍കുളങ്ങര കെ അംബികാദേവി മൂന്നു പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് സംഗീത കോളജില്‍ അധ്യാപികയായിരുന്നു. 

തിരുവനന്തപുരം സ്വദേശിയാണ്. പ്രൊഫസറായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അനേകം ശിഷ്യ സമ്പത്തിനുടമയാണ്. 1958 ല്‍ ആകാശവാണി നടത്തിയ ദേശീയ സംഗീത മത്സരത്തില്‍ ഇന്‍ഡ്യയുടെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദില്‍ നിന്നും പ്രസിഡന്റ്‌സ് അവാര്‍ഡ് നേടി. 


1973 ല്‍ മികച്ച സംഗീതജ്ഞയ്ക്കുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗായകരത്‌നം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്റെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന' ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ്പുരസ്‌കാരം തീരുമാനിച്ചത്. പ്രശസ്ത സംഗീതജ്ഞന്‍ ഡോ.രംഗനാഥ ശര്‍മ്മ, ഡോ.സദനം ഹരികുമാര്‍, ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 

2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം ആരംഭിച്ചത്. ടി വി ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്‌കാര ജേതാവ്. 21മത്തെ പുരസ്‌കാരമാണ് പ്രൊഫ.പാല്‍കുളങ്ങര കെ അംബികാദേവിയെ തേടിയെത്തിയത്. 

ഭരണസമിതി യോഗത്തില്‍ അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥ്, , മനോജ്.ബി.നായര്‍, കെ എസ് ബാലഗോപാല്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

Advertisment