തൃശൂർ: ദേശീയ പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടൽ അടിച്ചു തകർത്ത കേസിൽ അഞ്ച് പ്രതികളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങപ്പുറം സ്വദേശി സുരേഷ് ബാബു (38), തിരുവെങ്കിടം പ്രസാദ് (40), പളുവായ് സ്വദേശിയായ അനീഷ് (45), മാവിൻചുവട് മുഹമ്മദ് നിസാർ (50), കാരക്കാട് രഘു (49) എന്നിവരാണ് അറസ്റ്റിലായത്.
പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിക്ക കടകളും അടച്ചിട്ടിരുന്ന സമയത്താണ് സൗപർണിക ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്.
ഇതേത്തുടർന്ന് ഒരു സംഘം ആളുകൾ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു.
ഗുരുവായൂർ ടെമ്പിൾ ഇൻസ്പെക്ടർ ജി അജയകുമാർ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ പ്രീത ബാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, സാജൻ വിനയൻ,
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, ഗഗേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ റമീസ്, ജോയ് ഷിബു, അനൂപ് എസ്ജെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.