സിന്ധു നദീതട സംസ്കാരത്തെ നിർമ്മിത ബുദ്ധിയുമായി സമന്വയിപ്പിച്ച ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ടെഫാക്ട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Pic.2

കൊച്ചി: സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ മൊഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ 'ഡാൻസിംഗ് ഗേൾ' (നർത്തകി) എന്ന വെങ്കല പ്രതിമയെ ആസ്പദമാക്കി  നർത്തകനും കൊറിയോഗ്രാഫറുമായ മന്ദീപ് റെയ്‌ഖി 'ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ടെഫാക്ട്' എന്ന കലാപ്രതിഷ്ഠ ശ്രദ്ധയാകർഷിക്കുന്നു. അതത് കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള ചരിത്രരചനയെ സൂചിപ്പിക്കുന്നതാണ്  ഈ കല പ്രതിഷ്ഠ.

നിഖിൽ ചോപ്രയും ഗോവയിലെ എച്ച്.എച്ച് ആർട്ട് സ്‌പേസസും ചേർന്ന് ക്യൂറേറ്റ് ചെയ്ത കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൽ മട്ടാഞ്ചേരി ബസാർ റോഡിലെ എസ്.എം.എസ് ഹാളിലാണ് ഈ വേറിട്ട കാഴ്ച ഒരുക്കിയിരിക്കുന്നത്. കൊളോണിയൽ കാഴ്ചപ്പാടിലൂടെ രൂപപ്പെട്ട ചരിത്ര ബോധ്യങ്ങളെയും ക്ലാസിക്കൽ നൃത്ത സങ്കൽപ്പങ്ങളെയും റെയ്‌ഖി ഈ സൃഷ്ടിയിലൂടെ വിമർശനാത്മകമായി സമീപിക്കുന്നു. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് 4500 വർഷം പഴക്കമുള്ള  പുരാവസ്തുവിന് ജീവൻ നൽകിക്കൊണ്ടാണ് അദ്ദേഹം കാണികളെ  പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ആകാംക്ഷ കുമാരി, മഞ്ജു ശർമ്മ എന്നിവർക്കൊപ്പം  നർത്തകി ശിൽപത്തിൻ്റെ  ചലനങ്ങളോട് സംവദിച്ചുകൊണ്ട് റെയ്‌ഖിയും ചുവടുവെക്കുന്നു. ശരീരത്തെ  പരീക്ഷണശാലയാക്കി മാറ്റിക്കൊണ്ടാണിത്.

Advertisment

Pic .1



ചരിത്രം, ദേശീയത, നഗ്നത, ലൈംഗികത എന്നിവയെക്കുറിച്ചുള്ള  ധാരണകളെ അവർ ചോദ്യം ചെയ്യുന്നു.

ഐതിഹാസികമായ 'ത്രിഭംഗ' മുദ്ര ഭാരതീയ നൃത്തകലയിലെ ആദ്യ തെളിവായിട്ടാണ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് മൻദീപ് പറഞ്ഞു.  11 ഇഞ്ച് മാത്രം വലിപ്പമുള്ള ആ രൂപത്തിന് നൂതന സാങ്കേതിക വിദ്യയിലൂടെ പരിണമിപ്പിക്കാൻ സാധിക്കുമോ എന്ന അന്വേഷണമാണ് നടത്തിയത്. മ്യൂസിയത്തിലെ പീഠങ്ങളിൽ നിന്ന് പുറത്തുവരുന്ന ആ നർത്തകി പിന്നീട് ഒരു പോരാളിയായും കുട്ടിയായും സുഹൃത്തായും മാറുന്നത് ചുവരുകളിൽ തെളിയുന്ന എഐ ദൃശ്യങ്ങളിലൂടെ കാണാം.

എസ്.എം.എസ് ഹാളിലെ  ചുവരിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ നർത്തകി ജീവൻ വയ്ക്കുന്നത് കാണാം. നൃത്തം, യോഗ തുടങ്ങിയ ശാരീരിക ചലനങ്ങളിലൂടെ ആ പ്രതിമയോടൊപ്പം കലാകാരന്മാരും സഞ്ചരിക്കുന്നു. സംഗീതത്തിന്റെ വേഗത വർദ്ധിക്കുന്നതിനനുസരിച്ച് ഈ ചലനങ്ങൾ വികാരനിർഭരവും ചിന്തോദ്ദീപകവുമായി മാറുന്നു.

KMB 2025



നഗ്നതയെ സ്വാഭാവികമായി കാണണമെന്ന പക്ഷക്കാരനാണ് റെയ്‌ഖി. നൃത്തത്തിലെ പല വസ്ത്രാലങ്കാരങ്ങളും  ശരീരങ്ങൾ എങ്ങനെയൊക്കെ നിയന്ത്രിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം തുറന്നുപറയുന്നു.

ജോനാഥൻ ഒഹീറുമായി ചേർന്ന് ഏകദേശം നാല് വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ എഐ ദൃശ്യങ്ങൾ റെയ്‌ഖി രൂപപ്പെടുത്തിയത്. കറുപ്പും വെളുപ്പുമുള്ള നഗ്നരൂപങ്ങളും ഉരുകി ഒലിക്കുന്നതും തകർന്നടിയുന്നതുമായ ദൃശ്യങ്ങളും വൈവിധ്യമാർന്ന നിറങ്ങളും ചേർന്ന് പുത്തൻ അനുഭവം കാണികൾക്ക് നൽകുന്നു. പരിശീലന വേളകളിൽ ചില കാണികളും  നർത്തകിയോടൊപ്പം ചുവടുവെക്കാറുണ്ട്.  'ഫോർ ദ ടൈം ബീയിംഗ്' എന്ന  ബിനാലെ ആറാം ലക്കത്തിലെ പ്രമേയത്തോട് ചേർന്നുനിൽക്കുന്ന ഈ കലാപ്രതിഷ്ഠയുടെ ഭാഗമായുള്ള പ്രകടനം 2026 ഫെബ്രുവരിയിൽ വീണ്ടും നടക്കും.

Advertisment