9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: പാലക്കാട് ജില്ലാ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ശരീരത്ത് ഗുരുതരമായ പരുക്കുകളും അണുബാധയുമുണ്ടായിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

New Update
PALAKKAD1

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.

Advertisment

ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായ പരുക്കുകളും അണുബാധയുമുണ്ടായിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ഒന്‍പതു വയസ്സുകാരി പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് വീണു പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയച്ചു.

അഞ്ച് ദിവസത്തിന് ശേഷം വന്നാല്‍ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചത്. ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടുമ്പോഴും ചികിത്സാ സൗകര്യം ഉറപ്പാക്കിയില്ലെന്ന് അമ്മ പ്രസീദ  പറഞ്ഞു.

സ്ഥിതി ഗുരുതരമായതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.  ഉടന്‍ കൈ മുറിച്ച് മാറ്റണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

പരിശോധന ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും വീഴ്ച 
സംഭവിച്ചില്ലെന്നും പാലക്കാട് ഡിഎംഒ ടീവി റോഷ് പ്രതികരിച്ചിരുന്നു.

ഇതിനിടയില്‍ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഡി.എം.ഒ യുടെ നിര്‍ദേശ പ്രകാരം ഡോക്ടര്‍ പത്മനാഭന്‍,ഡോക്ടര്‍ കാവ്യാ എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കുട്ടിക്ക് ചികിത്സ നല്‍കിയെന്നുമാണ് വ്യക്തമാക്കുന്നത്. 

Advertisment