ഹാരിസ് ബീരാൻ മുസ്ളീം ലീഗിൻെറ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ലീഗിൻെറ നേതൃതലത്തിൽ ധാരണയായി. സുപ്രിം കോടതി അഭിഭാഷകനായ ഹാരിസ് ബീരാന് രാജ്യസഭയിൽ ശോഭിക്കാനാകുമെന്ന് ലീഗ് വിലയിരുത്തൽ. ലീഗ് കുടുംബത്തിൽ നിന്നുള്ള ഹാരിസിന് രാജ്യസഭയിലേയ്ക്ക് പോകുമ്പോൾ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Y

കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുസ്‌ലീംലീഗിൻെറ രാജ്യസഭാ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ലീഗ് നേതൃത്വത്തിൽ ധാരണയായി.

Advertisment

പാർട്ടി അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ താൽപര്യ പ്രകാരമാണ്ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക് അയക്കുന്നത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേതൃതലത്തിൽ ഉണ്ടായിരിക്കുന്ന ധാരണ ഹാരിസ് ബീരാനെയും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഹാരിസ് ബീരാനെ സ്ഥാനാർത്ഥിയാക്കുന്നത് ലീഗിൽ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നാണ് സൂചന.

ലീഗ് കുടുംബത്തിൽ നിന്നുളളയാളാണെങ്കിലും ദൈനംദിന രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളല്ല ഹാരിസ് ബീരാൻ. അത്തരമൊരാളെ രാജ്യസഭാംഗം ആക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ തീരുമാനത്തിന് എതിരെ പരസ്യ പ്രതികരണങ്ങൾ ഉണ്ടായേക്കും. യൂവാക്കളെ പരിഗണിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നോട്ടമിട്ട സീറ്റിലാണ് അഭിഭാഷകനായ ഹാരിസ് ബീരാനെ നിശ്ചയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ യൂത്ത് ലീഗിൻെറ ഭാഗത്ത് നിന്നാകും കൂടുതൽ എതിർപ്പ് ഉണ്ടാകുക.

യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു എന്നിവരെയും രാജ്യ സഭാ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. നേരത്തെ രാജ്യസഭയിലേക്ക് പോകാൻ താൽപര്യപ്പെട്ടിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറിയതോടെയാണ് ഹാരിസ് ബീരാൻ ഉൾപ്പെടയുളളവരുടെ പേരുകൾ പരിഗണനക്ക് വന്നത്. കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന് വന്നതോടെയാണ് കുഞ്ഞാലിക്കുട്ടി പിന്മാറിയതെന്നാണ് സൂചന.

മുസ്ളീം ലീഗ് പ്രതിനിധിയായി അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്ന വികെ ബീരാന്റെ മകനാണ് സുപ്രിംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഹാരിസ് ബീരാൻ. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിൻെറ സഹോദരനാണ് ഹാരിസ് ബീരാൻെറ പിതാവ് വി.കെ.ബീരാൻ. കെ എം സി സി ഡൽഹി പ്രസിഡന്റ് കൂടിയായ ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ ലീഗിന്റെ എല്ലാ കേസുകളും കൈകാര്യം ചെയ്യുന്നത്.

ഡൽഹിയിൽ വിപുലമായ ബന്ധങ്ങളുളള ഹാരിസിനെ രാജ്യസഭയിലേക്ക് അയക്കുന്നത് പാർട്ടിക്ക്‌ ദേശീയ തലത്തിൽ വലിയ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിൻെറ വാദം. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് വിടണമെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എം.എ സലാം തിരൂരങ്ങാടി സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല.

Advertisment