നോര്‍ത്ത് അമേരിക്കന്‍ ടീ കോമ്പറ്റീഷനില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് സ്വര്‍ണ മെഡല്‍

വയനാട് അറപ്പെട്ട എസ്റ്റേറ്റില്‍ നിന്നുള്ള തേയിലയാണ് സ്വര്‍ണ മെഡലിനായി തിരഞ്ഞെടുത്തത്

New Update
HMLs Arrapetta Estate, Wayanad, Kerala 1

കൊച്ചി: അമേരിക്കയിലെ ചാള്‍സ്റ്റണില്‍ നടന്ന 14-ാമത് നോര്‍ത്ത് അമേരിക്കന്‍ ടീ കോണ്‍ഫറന്‍സില്‍ ടീ ആന്‍ഡ് സസ്‌റ്റൈനബിലിറ്റി അവാര്‍ഡ്‌സ് വിഭാഗത്തില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് 2025ലെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ആര്‍പിജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസണ്‍സ് മലയാളത്തിന്റെ വയനാട് അറപ്പെട്ട എസ്റ്റേറ്റില്‍ നിന്നുള്ള തേയിലയാണ് സ്വര്‍ണ മെഡലിനായി തിരഞ്ഞെടുത്തത്.

Advertisment

വ്യത്യസ്ഥ ഉറവിടങ്ങളില്‍ നിന്നുള്ള പ്രത്യേക തെയിലകള്‍ എന്ന വിഭാഗത്തിലാണ് ഈ പുരസ്‌കാരം. കേരളത്തിലും തമിഴിനാട്ടിലുമായി 24 തേയില തോട്ടങ്ങളാണ് എച്ച്എംഎല്ലിനുള്ളത്. അതുല്യമായ ഗുണമേന്മ, സ്ഥിരത, സുസ്ഥിരമായ കാര്‍ഷിക രീതികളോടുള്ള പ്രതിബദ്ധത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള 33 സാമ്പിളുകള്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് മത്സരത്തിനുണ്ടായത്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആന്‍ഡ് ഹെര്‍ബല്‍ അസോസിയേഷനും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.


ലോകോത്തര നിലവാരത്തിലുള്ള തേയിലകള്‍ സുസ്ഥിരമായ രീതിയില്‍ നിര്‍മ്മിക്കുന്ന തങ്ങളുടെ കഴിവിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് എച്ച്.എം.എല്‍ സിഇഒയും ഡയറക്ടറുമായ ചെറിയാന്‍ എം. ജോര്‍ജ് പറഞ്ഞു. വ്യത്യസ്ത രുചിയും സവിശേഷതയുമുള്ള തേയിലകള്‍ പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

14 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പാദക- കയറ്റുമതിക്കാരിലൊന്നായ എച്ച്എംഎല്‍ നേരത്തെ ദി ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡ്‌സ്, ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.\

 കേരളത്തിലെ എറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ എച്ച്എംഎല്ലിലെ 60 ശതമാനം ജീവനക്കാരും വനിതകളാണ്. റെയിന്‍ഫോറസ്റ്റ് അലയന്‍സ്, ഐഎസ്ഒ, ട്രസ്റ്റ്ടീ, എഥിക്കല്‍ ടീ പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകളുള്ള ഉല്‍പ്പന്നങ്ങളാണ് എച്ച്എംഎല്‍ വിതരണം ചെയ്യുന്നത്.

Advertisment