/sathyam/media/media_files/2025/03/07/XMqVyUYb9PE0qokpWndl.jpeg)
അബുദാബി: യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാര്‍ബിള്‍ സിലിണ്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകള്‍ അബുദാബി പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും ഏഷ്യന്‍ വംശജരാണ്.
ഇവരില്‍ നിന്നും കടത്താന്‍ ശ്രമിച്ച 180 കിലോ ഹാഷിഷ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ അബുദാബി പോലീസിന്റെ സീക്രട്ട് ഹൈഡ്ഔട്ട്‌സ്' ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.
യുഎഇക്ക് പുറത്തുള്ള ഒരു ഏഷ്യക്കാരന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഇവ രാജ്യത്ത് വില്‍ക്കുന്നതിനായി ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് മെസേജുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.
മാര്‍ബിള്‍ സിലിണ്ടറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെടുത്തത്. പ്രതികളെയും പിടികൂടിയ മയക്കുമരുന്നും കൂടുതല്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.