സർക്കാരിന്റെ പതനത്തിനുള്ള വഴിയൊരുക്കി ആരോ​ഗ്യവകുപ്പ് ! ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലും കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണുണ്ടായ മരണവും അതീവ ​ഗൗരവതരം. പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് നയിച്ച ആരോ​ഗ്യവകുപ്പ് തന്നെ ഇക്കുറി വിനാശത്തിനും കാരണമാകും. മന്ത്രി വീണ ജോർജിന് വകുപ്പിൽ റോളില്ല, ഭരണം പ്രൈവറ്റ് സെക്രട്ടറിയെന്ന് ആക്ഷേപം

New Update
veena-george-pinarayi-vijayan-1433134

തിരുവനന്തപുരം: മൂന്നാം തവണയും അധികാരത്തിലെത്തുക ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രണ്ടാം പിണറായി സർക്കാരിന് തുടർച്ചയായി തലവേദന സൃഷ്ടിച്ച് ആരോഗ്യവകുപ്പ്. 

Advertisment

വകുപ്പിനെ ചുറ്റിപ്പറ്റി അടിക്കടി ഉയരുന്ന വിവാദങ്ങൾ സർക്കാരിൻെറ പ്രതിഛായക്ക് തന്നെ കളങ്കമായി മാറിയിരിക്കുകയാണ്. വകുപ്പ് നിരന്തരം വിവാദത്തിലാകുമ്പോൾ എല്ലാം പ്രതിസ്ഥാനത്ത് മന്ത്രി വീണാ ജോർജാണ്. തൊടുന്നതെല്ലാം വിവാദം എന്നതാണ് മന്ത്രി വീണാ ജോർജിൻെറ ശാപം.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അപര്യാപ്തകളെ കുറിച്ച് യൂറോളജി വകുപ്പ് തലവൻ ഡോ. ഹാരിസ് ചിറയ്ക്കൽ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് കൂട്ടിരിപ്പുകാരി മരിച്ചതോടെ മന്ത്രി വീണാ ജോർജ് പത്മവ്യൂഹത്തിലാണ്.


ഒന്നാം പിണറായി സർക്കാരിനെ തുടർ ഭരണത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആരോഗ്യ വകുപ്പാണ് കെ.കെ.ശൈലജ മാറി വീണാ ജോർജ് മന്ത്രിയായപ്പോൾ ഇവ്വിധം തകർന്ന് തരിപ്പണമായിരിക്കുകയാണ്. 


മാധ്യമ പ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണക്ക് ഭരണ പരിചയമില്ലാത്തതാണ് പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണമെന്നാണ് ആക്ഷേപം. വകുപ്പിൽ മന്ത്രിക്ക് റോളില്ലെന്നും പ്രൈവറ്റ് സെക്രട്ടറിയാണ് വകുപ്പ് ഭരിക്കുന്നത് എന്നാണ് മറ്റൊരാക്ഷേപം.

എ.കെ.ജി സെൻററിലെ ഓഫീസ് സെക്രട്ടറിയായിരുന്നയാളാണ് ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ഭരണത്തുടര്‍ച്ചയ്ക്ക്  ഒന്നാം പിണറായി സര്‍ക്കാരിന്റെ നെടുംതൂണായിരുന്ന ആരോഗ്യവകുപ്പ്. 

സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് നിപ വൈറസും കൊവിഡും പടർന്നപ്പോൾ പോലും ആരോഗ്യ വകുപ്പിന് സൽപ്പേര് ഉണ്ടാക്കിയ മന്ത്രിയാണ് കെ.കെ.ശൈലജ. എന്നാൽ രണ്ടാം സര്‍ക്കാരില്‍  ആരോഗ്യവകുപ്പിൻെറ ചുമതല വീണാ ജോർജ് ഏറ്റെടുത്തത് മുതല്‍ വിവാദങ്ങളുടെ പൊടിപൂരമാണ്.


വിദഗ്ധ ചികിത്സക്കായി സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സ പിഴവുകളിലും മരണങ്ങളിലും തുടങ്ങി, ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന അനവധികാര്യങ്ങളുണ്ട്.


സർക്കാരിൻെറ മരുന്ന് സംഭരണ കമ്പനിയായ കെ.എം.എസ്.സി.എല്‍ ഗോഡൗണുകളിൽ ഉണ്ടായ തീപിടിത്തങ്ങള്‍,ഇനിയും തീരാത്ത മരുന്ന് ക്ഷാമം, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം, വകുപ്പ് മേധാവിയുടെ തുറന്നുപറച്ചില്‍, ഒരാളുടെ മരണത്തിന് ഇടയാക്കിയ കോട്ടയത്തെ അനാസ്ഥ എന്നിവ അതിൽ ചിലത് മാത്രമാണ്.

കോട്ടയത്തെ അപകടത്തിൻെറ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.രാജിയെ രാഷ്ട്രീയാവശ്യം എന്നുപറഞ്ഞ് തളളിക്കളയാമെങ്കിലും സമീപകാലത്ത് ആരോഗ്യ വകുപ്പിനെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾ സർക്കാരിൻെറ തുടർഭരണ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുമെന്നതിൽ സംശയമില്ല.

ആരോഗ്യ വകുപ്പിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്നതിൽ ഇടത് മുന്നണിയിലെ ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപി.ഐ അക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

കേരളാ മാതൃക കേരളം ഒന്നാമത് തുടങ്ങിയ നേട്ടങ്ങളിൽ അഭിരമിക്കുകയാണ് മറ്റ് വകുപ്പുകളേപ്പോലെ ആരോഗ്യ വകുപ്പും ചെയ്യുന്നത്. ഈ പി.ആർ. പരിപാടിക്ക് ഇടയിൽ വകുപ്പിൽ ചെയ്യേണ്ട പ്രാഥമികമായ കാര്യങ്ങൾ മറന്നുപോകുന്നു എന്നാണ് ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.


റീൽസും ഷോർട്സും ഷെയർ ചെയ്തുകൊണ്ട് നേട്ടങ്ങൾ കൊട്ടിഘോഷിക്കുന്നതിനിടയിൽ കാലാനുസൃതമായ മാറ്റങ്ങൾ വകുപ്പിൽ കൊണ്ടുവരാൻ കൂടി കഴിയണം. അതിൽ കുറ്റകരമാ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ആരോഗ്യ വകുപ്പ് നിരന്തരം വിവാദങ്ങളിൽ പെടുന്നതെന്നും മുന്നണിയിലെ പാർട്ടികളിൽ അഭിപ്രായമുണ്ട്.


വിവാദങ്ങളോടുളള മന്ത്രിയുടെ സമീപനവും പ്രശ്നമാണെന്ന് വിമർശനമുണ്ട്. ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെകുറിച്ച് മാധ്യമങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളോടുളള മന്ത്രിയുടെ പ്രതികരണം പലപ്പോഴും പ്രശ്നം രൂക്ഷമാക്കാൻ കാരണമാകുന്നുണ്ട്. 

ഒപ്പം നിൽക്കുന്നുവെന്ന് വിശ്വാസം ഉളള ചില മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിച്ച് നടത്തുന്ന പ്രതിരോധവും പലപ്പോഴും പച്ചയായ വെളളപൂശലായി തരംതാണു പോകുന്നതാണ് കാണുന്നതെന്നും മുന്നണി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളോട് നേരിട്ട് ബന്ധപ്പെടുന്ന വകുപ്പ് എന്ന നിലയിൽ കൂടുതൽ ജാഗ്രതയോടും പ്രതിബദ്ധതയോടുമുളള പ്രവർത്തനമാണ് ആരോഗ്യവകുപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അഭിപ്രായമുണ്ട്.

 

Advertisment