/sathyam/media/media_files/2025/10/20/rain-2025-10-20-20-34-23.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം.
തൃശ്ശൂർ മാള പുത്തൻചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കിഴക്കുംമുറി സ്വദേശി സ്റ്റീഫന്റെ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുണ്ടായി. വീടിന്റെ മീറ്റർ ബോർഡും വൈദ്യുത ഉപകരണങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകൾക്കും ചെറിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാള പള്ളിപ്പുറത്ത് തെങ്ങ് വീണുണ്ടായ അപകടത്തിൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാളപള്ളിപ്പുറം താണികാട് തൈവളപ്പിൽ സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മേൽക്കൂരയും വാഷിംഗ് മെഷീനും അടുക്കള ഉപകരണങ്ങളും തകർന്നിട്ടുണ്ട്.
സിറാജ്, ജേഷ്ഠൻ സുരാജ്, ഭാര്യ ഷാജിത, മക്കൾ ശിഹാബ്, ഷാനവാസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കനത്ത മഴയിൽ കണ്ണൂർ ചെറുപുഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. ശക്തമായ മഴയിൽ മതിൽ തകർന്നു വീണു.
കൊച്ചിയിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയാണ് പെയ്യുന്നത്. അങ്കമാലി ആലുവ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെത്തുടർന്ന് പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി.
കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഇലഞ്ഞി കൊല്ലകെമ്പിൽ ഗോപിനാഥന്റെ വീട് ഭാഗികമായി തകർന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായി കത്തി നശിച്ചു. ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം മലയോര മേഖലയിലും ശക്തമായ മഴയുയുണ്ട്. തിരുവനന്തപുരം – തെങ്കാശി റോഡിലെ ഇളവട്ടത്ത് റോഡിൽ വെള്ളം കയറി.
അതേസമയം ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക തുടരുകയാണ്. ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പാണ് ജില്ലയിൽ പുറപ്പെടുവിച്ചിട്ടുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 സ്പിൽവേ ഷട്ടറുകളും തുറന്ന് പെരിയാറിലേക്ക് വെള്ളമൊഴുക്കുന്നത് തുടരുകയാണ്.
അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.