/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കനത്ത മഴ. മഴ ശക്തമായതോടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂര്‍, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയാണുള്ളത്.
പലയിടത്തും കടകളില്‍ വെള്ളം കയറി. പഴവങ്ങാടിയില്‍നിന്ന് പവര്‍ഹൗസ് വഴി റയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്ന റോഡ് വെള്ളത്തിലായി. ഈ ഭാഗത്ത് ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു.
മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.