ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. 26 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നേരത്തെ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതിയും, ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതിന്‍റെയും വിശദാംശങ്ങൾ അന്വേഷണസംഘം മുദ്രവെച്ച കവറിൽ അറിയിക്കും.
രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേർ റിപ്പോർട്ടിലുള്ള മൊഴി തങ്ങളുടേതല്ലെന്ന് പറഞ്ഞായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മിറ്റിയിൽ മൊഴി നൽകിയ അഞ്ച് പേർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വെളിപ്പെടുത്തൽ.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് അന്ന് കേസ് പരിഗണച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് ക്രോഡീകരിക്കാനായി അമിക്വസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിക്കുകയും ചെയ്തു.