കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സർക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണ്. കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത്. ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പടുത്തണം. മുകേഷ് എംഎൽഎ ആയി തുടരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. മുകേഷിന് ധാർമ്മികത ബാധകമല്ലേ എന്ന് പറയേണ്ടത് സിപിഎമ്മാണ്. മുകേഷ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സിപിഎമ്മിന്റെ മുഖം എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ കൈവശം ഇരിക്കുമ്പോൾ അല്ലേ മുകേഷിനെ മത്സരിപ്പിച്ചത്? ഇത് ചെയ്യാൻ സർക്കാരിനും സിപിഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
എം.വിൻസൻ്റിൻ്റെയും എൽദോസ് കുന്നപ്പിള്ളിയുടെയും കാര്യമാണ് പലരും ചോദിക്കുന്നത്. എന്നാൽ യുഡിഎഫ് എംഎൽഎമാരുടെ വിഷയവും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്. സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ പരാതി ഉയർന്നത്. സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഇരകൾ പരാതിയുമായി എത്തിയത്. വിഷയത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.