വയനാട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ വധക്കേസിൽ മുഖ്യപ്രതിയായ നൗഷാദിൻ്റെ വിസാ കാലാവധി ചൊവ്വാഴ്ച അവസാനിക്കും.
വിസിറ്റിംഗ് വിസയിൽ സൗദി അറേബ്യയിൽ എത്തിയ നൗഷാദ് ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. നാട്ടിൽ എത്തിയാൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ കണ്ടെത്തി. എന്നാൽ ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും നൗഷാദ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.
താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വെളിപ്പെടുത്തി. സൗദിയില്‍ നിന്ന് വന്ന് കഴിഞ്ഞാല്‍ ഉടന്‍ കീഴടങ്ങുമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
കടം നൽകിയ പണം വാങ്ങാനാണ് ഹേമചന്ദ്രന്റെ അടുത്തുപോയത്. രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് നൗഷാദിൻ്റെ വാദം. ഒന്നര വർഷം മുമ്പാണ് മൂന്നംഗ സംഘം ഹേമചന്ദ്രനെ കോഴിക്കോട് വച്ച് തട്ടി കൊണ്ടു പോയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ആയിരുന്ന പി കെ ജിജീഷ് വീണ്ടും അന്വേഷണം ആരംഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.