/sathyam/media/media_files/2025/12/19/elappully-bruvery-2025-12-19-16-23-32.jpg)
കോട്ടയം: പാലക്കാട് എലപ്പുള്ളിയില്‍ വന്‍കിട മദ്യശാലക്കു സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക അനുമതി ഹൈകോടതി റദ്ദാക്കിയതു സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. മഴവെള്ള സംഭരണി കൊണ്ടു ജലാവശ്യകത പരിഹരിക്കപ്പെടുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം ഉള്‍പ്പടെയാണു കോടതി വിധിയോടെ പൊളിഞ്ഞു വീഴുന്നത്.
മുന്നണിയിലെ സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് വകവെക്കാതെയാണ് എലപ്പുള്ളിയിലെ വിവാദ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി കൃഷിക്കു തിരിച്ചടിയാകും. മാത്രമല്ല, മഴവെള്ള സംഭരണി കൊണ്ട് പ്ലാന്റിലേക്കാവശ്യമായ വെള്ളം സംഭരിക്കാനാവില്ല. കുടിവെള്ളം വഴിതിരിച്ചു നല്‍കേണ്ടിവരും.
ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന സി.പി.ഐ നിലപാട് ഇടതു മുന്നണിയോഗത്തില്‍ സി.പി.എം. അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ബ്രൂവറിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.
വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഒയാസിസ് കമ്പനിക്കെതിരെ തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ നിന്നു പ്രതിഷേധം ഉണ്ടായിരുന്നു. എലപ്പുള്ളിയിലെ 26 ഏക്കര്‍ സ്ഥലമാണു ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്.
ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്നു പ്രദേശവാസികള്‍ ചൂണ്ടികാട്ടിയിരുന്നു. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലത്ത് ജെ.സി.ബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഭൂഗര്‍ഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിനു പോകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഹൈക്കോടതിയെ വിധി മറികടക്കാന്‍ ഇനി എന്തു ന്യായമാണു സര്‍ക്കാര്‍ പറയുകയെന്നു നോക്കുകയാണ് എലപ്പുള്ളി നിവാസികള്‍.
മന്ത്രിസഭ ഇതിനകം തീരുമാനിച്ച വിഷയമാണെന്നും മന്ത്രിതലത്തില്‍ നടപടി ആരംഭിച്ചെന്നും വിശദീകരിച്ച മുഖ്യമന്ത്രി പെര്‍മിറ്റ് കൊടുത്ത സാഹചര്യത്തില്‍ ഇനി പിന്നോട്ടു പോകാനാകില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
ഒയാസിസ് കമ്പനിക്കു നല്‍കിയ പ്രാഥമിക അനുമതി നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്ടെത്തുകയും കാര്യമായ പഠനം നടത്തിയില്ലെന്നു കുറ്റപ്പെടുത്തിക്കൊണ്ടാണു കോടതി അനുമതി റദ്ദാക്കിയത് സര്‍ക്കാരിനു പ്രത്യേകിച്ചു സി.പി.എമ്മിനു വലിയ തിരിച്ചടിയായി.
ബ്രൂവറിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹരജികളാണു ഹൈകോടതിയിലെത്തിയത്. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
എലപ്പുള്ളി പ്രദേശം ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതില്‍ ജലം എടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും കോടതിയുടെ കണ്ടെത്തലിൽ അനുമതിക്ക് വേണ്ടത്ര പഠനം പോലും നടത്തിയില്ലെന്നു പറയുന്നു.
അതേസമയം, വിധിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാനുള്ള സാധ്യത ഏറെയാണെന്നു സമരക്കാരും കരുതുന്നത്. പദ്ധതി ഉപേക്ഷിച്ചെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us