ചെന്നൈയിലേക്ക് അറ്റകുറ്റപ്പണികൾക്കായി അയച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉടന്‍ തിരികെ എത്തിക്കേണ്ട: ഹൈക്കോടതി

സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ് കോടതിയിൽ ഹാജരാക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു

New Update
highcourt

കൊച്ചി: ചെന്നൈയിലേക്ക് അറ്റകുറ്റപ്പണികൾക്കായി അയച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉടന്‍ തിരികെ എത്തിക്കേണ്ടെന്ന് ഹൈക്കോടതി. അതേസമയം സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ് കോടതിയിൽ ഹാജരാക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. 2018 മുതലുള്ള മഹസർ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാനാണ് നിർദേശം. രേഖകൾ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Advertisment

കാണിക്കയായി നാണയങ്ങൾ എറിയുന്നതുമൂലം ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളിക്ക് കേടുപറ്റിയതാണ് അറ്റകുറ്റപ്പണി നടത്താനുണ്ടായ കാരണമെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത്. സ്വർണപ്പാളി നിർമ്മിച്ച ഇടത്തുതന്നെയാണ് സ്പോൺസറുടെ ചെലവിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

അതേസമയം, അനുമതി തേടാതെ സ്വർണപ്പാളി ഇളക്കികൊണ്ടുപോയതിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ക്ഷമ ചോദിച്ചു. ഹൈക്കോടതിയുടെ അനുമതി തേടാതെ സ്വർണപ്പാളി ഇളക്കിയതിൽ കോടതി കഴിഞ്ഞ ദിവസം ബോർഡിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അനുചിതമായ നടപടിയാണ് ദേവസ്വം സ്വീകരിച്ചതെന്നും കോടതിയുടെ അനുമതി തേടാൻ ദേവസ്വം ബോർഡിന് മതിയായ സമയമുണ്ടായിരുന്നുവെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.

high court
Advertisment