/sathyam/media/media_files/2025/02/17/YuHAJwLBfljM2UON3smr.jpg)
കൊച്ചി: വാട്‌സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി. കേസ് വിവരങ്ങള്‍ ഇനി കക്ഷികള്‍ക്ക് വാട്‌സ്ആപ്പിലൂടെ അറിയാം.
കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹര്‍ജി ഫയല്‍ ചെയ്തതിലെ അപാകതകള്‍, കേസിലെ ഉത്തരവുകള്‍ തുടങ്ങി കേസുമായും ഹര്‍ജിയുമായും ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികളെയും അഭിഭാഷകരെയും വാട്ട്സാപ്പിലൂടെ അറിയിക്കാനാണ് കേരള ഹൈക്കോടതി ഒരുങ്ങുന്നത്.
ഇതിനായി വാട്‌സ്ആപ്പ് ഉള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ കക്ഷികള്‍ ഹൈക്കോടതിയില്‍ നല്‍കണം. നിലവിലെ വെബ്‌സൈറ്റില്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും സമയാസമയം കൃത്യതയോടെ വേഗത്തില്‍ അറിയിക്കാനാണ് പുതിയ സംവിധാനം. The High Court of Kerala എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ ലഭ്യമാകുക.
ഒക്ടോബര്‍ ആറ് മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. എന്നാല്‍ നിലവിലുള്ള നോട്ടീസ്, സമന്‍സ്, കത്ത് തുടങ്ങിയ ഔദ്യാഗിക രീതികള്‍ ഇതോടൊപ്പം തുടരുകയും ചെയ്യും.
വിവരങ്ങളുടെ ആധികാരികത കൃത്യമായി ഉറപ്പാക്കണമെന്നും വ്യാജ സന്ദേശങ്ങള്‍ സംബന്ധിച്ച് ജാഗ്രത വേണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കക്ഷികളെ സംബന്ധിച്ച് വാട്‌സ്ആപ്പിലൂടെയുള്ള ആശയവിനിമയം കൂടുതല്‍ സഹായകരമാകും.