കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം. പരാതിക്കാര്‍ക്ക് തങ്ങള്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാം. എസ്ഐടിക്കാണ് ഇക്കാര്യം സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹേമ കമ്മറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിര്‍ണായകമായ വിവരങ്ങള്‍ അറിയിച്ചത്.
ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണികള്‍ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തില്‍ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചത്.