തിരുവനന്തപുരം: പെൺകുട്ടികളെയോ സ്ത്രീകളേയോ കാണാനില്ലെന്ന് പരാതി കിട്ടിയാൽ ഒളിച്ചോട്ടമെന്നും സ്റ്റേഷന്റെ അധികാര പരിധിക്കപ്പുറമാണെന്നും പറഞ്ഞ് തട്ടിക്കളിക്കുന്ന പോലീസിന് കർശന താക്കീതുമായി ഹൈക്കോടതി.
പെൺകുട്ടികളേയോ സ്ത്രീകളേയോ കാണാനില്ലെന്ന് പരാതി ലഭിച്ചാലുടൻ കേസെടുത്ത് അന്വേഷണം തുടങ്ങണമെന്നും പരാതിയുടെ ശരിതെറ്റുകൾ ആദ്യഘട്ടത്തിൽ പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
പരാതികൾ അവഗണിക്കരുതെന്ന് ഡിജിപി നിരവധി സർക്കുലറുകൾ നേരത്തേ പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് പലവട്ടം താക്കീതും നൽകിയിരുന്നു. എന്നിട്ടും പരാതികൾ അവഗണിക്കുന്നത് തുടർന്നതോടെയാണ് ഹൈക്കോടതി കർശന നടപടിയുമായി രംഗത്തുവന്നത്.
/sathyam/media/media_files/2025/03/12/vxaRnlwK5YW9kQFKHtPs.jpg)
കാസർകോട് പൈവളികെയിൽ 15 കാരിയെ കാണാതായ സംഭവത്തിൽ പോലീസിന്റെ അലംഭാവമാണ് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. പെൺകുട്ടിയെ പിന്നീട് ടാക്സി ഡ്രൈവർക്കൊപ്പം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച 12ന് തന്നെ അന്വേഷണം തുടങ്ങിയിരുന്നതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. യുവാവിനൊപ്പം കർണാടകയിലേക്കാണ് പോയതെന്ന സൂചനയെ തുടർന്ന് അവിടേയും അന്വേഷിച്ചു.
മൊബൈൽ സിഗ്നൽ വച്ച് 7 ദിവസത്തിന് ശേഷം ഇവരുടെ ലൊക്കേഷൻ കൃത്യമായി നിർണയിച്ചിരുന്നു. പൊലീസ് നായുമായി എത്തിയെങ്കിലും അന്ന് കണ്ടെത്താനായില്ല. കാണാതായ ദിവസം തന്നെ ഇരുവരും മരണപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.
ഒപ്പം കിടന്നുറങ്ങിയ കുട്ടിയ കാണാതാവുകയും 30-ാം ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികാഘാതം വലുതാണെന്ന് കോടതി പറഞ്ഞു. അത് ജീവിതകാലം വരെ നിലനിൽക്കുന്നതാണ്. അന്വേഷണം ഉചിതമായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആശങ്കകൾ ദൂരീകരിക്കേണ്ടതുണ്ട്. അതിനാണ് പൊലിസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദ്ദേശിച്ചത്.
കുട്ടിയുടെ മരണകാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം വരേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാനില്ലെന്ന് കേൾക്കുമ്പോൾ പോക്സോ വകുപ്പുകൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മനസിലുണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.
പൈവളികെയിലെ കേസിൽ അങ്ങനെയൊരു ചിന്ത പോലീസിന് ഉണ്ടായില്ല. ഒളിച്ചോട്ടമെന്ന രീതിയിലാണ് കൈകാര്യം ചെയ്തതെന്നും കോടതി വിമർശിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സ്റ്റേഷന്റെ അധികാര പരിധിക്കപ്പുറമാണെന്ന കാരണം പറഞ്ഞ് ഇടപെടാതിരിക്കരുതെന്ന് പൊലീസിന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നതാണ്.
ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയാൽ കർശന നടപടിയുണ്ടാവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നതാണ് സർക്കാരിന്റെ നയം. ഇത്തരം പരാതികൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം.
കൃത്യമായ നിയമ നടപടികളെടുത്തിട്ടുണ്ടെന്ന് എസ്.എച്ച്.ഒമാർ ഉറപ്പാക്കണം. എല്ലാ ക്രൈം റിവ്യൂ യോഗങ്ങളിലും ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതാണ്.
കാണാതാവുന്നതായ പരാതികൾ ഒളിച്ചോട്ടം, നാടുവിടൽ എന്നിങ്ങനെ കാരണങ്ങളാൽ എഴുതിത്തള്ളുന്നതാണ് പതിവ്. സെൻസേഷൻ കേസുകളല്ലെങ്കിൽ പോലീസ് ഉഴപ്പും.
കേരളത്തിൽ വർഷം തോറും 7500ലേറെ സ്ത്രീകളെ കാണാതാവുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും പ്രണയവും അതേത്തുടർന്നുള്ള ഒളിച്ചോട്ടവുമാണ്. 2018ൽ കാണാതായ 7,530 സ്ത്രീകളിൽ 7350 പേരെയും കണ്ടെത്തി. 180 പേരെ കണ്ടെത്താനുണ്ട്.
വർഷം തോറും 100 സ്ത്രീകളെയെങ്കിലും കണ്ടെത്താനാവുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. കാണാതായ 788കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതാവുന്നതിൽ 82.1% സ്ത്രീകളെയും കണ്ടെത്തുന്നുണ്ടെന്നും പോലീസ് പറയുന്നു.