ആയിരം കോടിയുടെ വമ്പൻ തോട്ടണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളെ രക്ഷിക്കാൻ സർക്കാരിന് താത്പര്യമെന്ത് ? കോൺഗ്രസ് നേതാവ് പ്രതിയായ കേസിൽ വിചാരണയ്ക്ക് അനുമതി നൽകാത്തതെന്ത് ? വിരുദ്ധ രാഷ്ട്രീയമെങ്കിലും ഒക്കച്ചങ്ങാതിമാരായി പിണറായിയും ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനും. അഴിമതിരഹിതവും ജനപക്ഷവുമായ ഭരണമെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെ ഇടത് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നെന്ന് ആഞ്ഞടിച്ച് ഹൈക്കോടതി. തോട്ടണ്ടി അഴിമതിയിൽ ഇനിയെങ്കിലും സത്യം തെളിയുമോ

2006 മുതൽ 2015 വരെയുള്ള വിവിധ ഇടപാടുകളിൽ അഴിമതി ആരോപിച്ചുള്ള പരാതികളിൽ വിജിലൻസ്, ധനകാര്യ പരിശോധന വിഭാഗം, വ്യവസായ വകുപ്പ് തുടങ്ങിയവർ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

New Update
bokcfbs7ywclg5mq_1621434971

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ആയിരം കോടിയുടെ അഴിമതിയാരോപണം ഉയരുന്ന കേസിൽ സംസ്ഥാന സർക്കാരിന്റെ താത്പര്യമെന്താണെന്ന രാഷ്ട്രീയ ചർച്ച കൊഴുക്കുന്നു.

Advertisment

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കാഷ്യു കോർപ്പറേഷൻ മുൻ എം.ഡി കെ.എ. രതീഷ് എന്നിവർ പ്രധാന പ്രതികളായ കേസിലാണ് സി.ബി.ഐയ്ക്ക് സർക്കാർ തുടർച്ചയായി വിചാരണാനുമതി നൽകാത്തത്.


2020 ഒക്ടോബർ15ന് ആദ്യ തവണ സി.ബി.ഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. പിന്നാലെ 2025 മാർച്ച് 21ന് സി.ബി.ഐ വീണ്ടും സർക്കാരിനെ സമീപിച്ചങ്കിലും ഫലമുണ്ടായില്ല. 


കഴിഞ്ഞ ഒക്ടോബർ 28ന് മൂന്നാംവട്ടം പ്രോസിക്യൂഷൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. ഇടതു സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരാണെന്ന പരിതാപകരമായ അവസ്ഥയാണെന്ന് അതിരൂക്ഷമായി ഹൈക്കോടതി വിമർശിക്കുന്ന സാഹചര്യമുണ്ടായി.‍

ഐ.എൻ.ടി.യു.സി നേതാവ് മുഖ്യപ്രതിയായ കേസിൽ സർക്കാരിന് എന്താണ് താത്പര്യം എന്നാണ് രാഷ്ട്രീയ ചർച്ചകളുടെ ഉള്ളടക്കം. ആർ.ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല അടുപ്പത്തിലാണ്.

പിണറായി പ്രതിരോധത്തിലായപ്പോഴെല്ലാം ചന്ദ്രശേഖരനും ചന്ദ്രശേഖരന് കുഴപ്പം നേരിട്ടപ്പോഴെല്ലാം പിണറായിയും പരസ്പരം സഹായിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ ഒക്കച്ചങ്ങാതിമാരാണ് ഇരുവരും. ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ കാഷ്യു കോർപറേഷനെതിരേയാണ് ആരോപണമുയർന്നതും പിന്നീടത് സി.ബി.ഐ അന്വേഷിച്ചതും.  


2006 മുതൽ 2015 വരെ ഉയർന്ന നിലവാരമുള്ള തോട്ടണ്ടിക്ക് കരാർ ഉറപ്പിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി ഇറക്കുമതി ചെയ്തും ടെണ്ടർ ക്ഷണിക്കാതെ പരിപ്പ് വിറ്റും കമ്മിഷൻ പറ്റിയെന്നാണ് പരാതി.

പത്ത് വർഷക്കാലവും ഒരു വ്യക്തിക്കായിരുന്നു തോട്ടണ്ടി ഇറക്കുമതിക്കുള്ള കരാർ ലഭിച്ചിരുന്നത്. കോട്ടയം സ്വദേശി കുറഞ്ഞ നിരക്കിൽ സ്ഥിരമായി ഇടപാട് ഉറപ്പിച്ചത് കാഷ്യു കോർപ്പറേഷൻ അധികൃതരുമായുള്ള രഹസ്യ ധാരണയിലായിരുന്നു.

ഉയർന്ന വില നൽകി വാങ്ങിയ ഗുണനിലവാരമില്ലാത്ത തോട്ടണ്ടി സംസ്കരിച്ചപ്പോൾ ലഭിച്ച പരിപ്പിനും നിലവാരം കുറവായിരുന്നു. അങ്ങനെ പരിപ്പിന്റെ വില്പനയിലും വൻ നഷ്ടമുണ്ടായി.‍


കാഷ്യു കോർപ്പറേഷന്റെ സ്വന്തം വില്പന ശ്യംഖല പരിമിതമായതിനാൽ കശുവണ്ടി പരിപ്പിന്റെ വലിയൊരു ഭാഗം നിലവിൽ ടെണ്ടർ ക്ഷണിച്ച് സ്വകാര്യ വ്യക്തിക്കൾക്കാണ് വിൽക്കുന്നത്. 


എന്നാൽ 2006 മുതൽ 2015 വരെയുള്ള കാലത്ത് ടെണ്ടർ ക്ഷണിക്കാതെ കുറഞ്ഞ വിലയ്ക്ക് പരിപ്പ് വിൽക്കുകയായിരുന്നു. കാഷ്യു കോർപ്പറേഷനിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പരിപ്പ് വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കാൻ സ്വകാര്യ വ്യക്തികൾക്ക് അവസരമൊരുക്കി കമ്മിഷൻ പറ്റിയെന്നും കണ്ടെത്തി.

2006 മുതൽ 2015 വരെയുള്ള വിവിധ ഇടപാടുകളിൽ അഴിമതി ആരോപിച്ചുള്ള പരാതികളിൽ വിജിലൻസ്, ധനകാര്യ പരിശോധന വിഭാഗം, വ്യവസായ വകുപ്പ് തുടങ്ങിയവർ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

പിന്നീട്  ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.  15 ഇടപാടുകളിൽ  85 കോടിയുടെ ക്രമക്കേട് പ്രാഥമികമായി സ്ഥിരീകരിച്ചു.


ഈ ക്രമക്കേടുകളിലാണ്  പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ അനുമതി തേടിയത്. 2006 മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണകാലത്ത് സി.ഐ.ടി.യു നേതാവായിരുന്ന ഇ. കാസിം ആയിരുന്നു കാഷ്യു കോർപ്പറേഷൻ ചെയർമാൻ. 


പിന്നീട് യു.ഡി.എഫ് സർക്കാർ വന്നപ്പോഴാണ് ആർ. ചന്ദ്രശേഖരൻ ചെയർമാനായത്. രണ്ട് ചെയർമാൻമാരുടെ കാലത്തും കെ.എ. രതീഷായിരുന്നു മാനേജിംഗ് ഡയറക്ടർ. ആദ്യം ഇ. കാസിമായിരുന്നു കേസിലെ ഒന്നാം പ്രതി. അദ്ദേഹം മരിച്ചതോടെ കെ.എ. രതീഷിനെ ഒന്നാം പ്രതിയാക്കുകയായിരുന്നു.

 മുൻ ചെയർമാൻ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്യുന്ന ഉപഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത്. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോള് അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാണ് പൊതുധാരണ.

എന്നാൽ സർക്കാർ അഴിമതിക്കാർക്കൊപ്പം സഞ്ചരിക്കുകയാണ്. സുവ്യക്തമായ കേസാണിത്. എന്തിനാണ് സർക്കാ‌ർ രണ്ട് വ്യക്തികളെ സംരക്ഷിക്കുന്നത്.


ആരാണ് ഇതിന് പിന്നിൽ. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവ് കണക്കിലെടുക്കാതെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുന്നത് കോടതിയലക്ഷ്യമാണെന്നാണ് ഹർജിക്കാരന്റെ വാദം.


കശുവണ്ടി കരാറിൽ നടപടിക്രമങ്ങളിലെ വീഴ്ചയാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നതെന്നും പ്രതികൾ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അവിഹിത നേട്ടമുണ്ടാക്കിയതായി പറയുന്നില്ലെന്നും വിലയിരുത്തിയാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതി മൂന്നാമതും നിഷേധിച്ചത്.

അഴിമതി നിരോധന നിയമപ്രകാരമുള്ള എന്തെങ്കിലും കുറ്റം ചെയ്തതിന് തെളിവില്ലാത്ത സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്നും ഉത്തരവിൽ വിശദീകരിച്ചിരുന്നു.

കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്. 

അതേസമയം,  അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും ശക്തമായ നടപടികളുണ്ടാവുമെന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.


അഴിമതിരഹിതവും ജനപക്ഷവുമായ ഭരണ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. അഴിമതിക്ക് കൂട്ടു നിൽക്കാത്തതുകൊണ്ടാണ് ശക്തമായ നടപടി സ്വീകരിച്ചു മുന്നോട്ടു പോകാനാകുന്നതെന്നും വിജിലൻസ് ആസ്ഥാനത്ത് അടുത്തിടെ മുഖ്യമന്ത്രി ഒരു പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നല്ല രീതിയിൽ അഴിമതി ഇല്ലാതാക്കാനായിട്ടുണ്ട്. 


എന്നാൽ പൂർണമായും നീക്കാനായിട്ടില്ല. ഓഫീസുകളുമായി ബന്ധപ്പെട്ട് ഏജന്റുമാരും ദല്ലാളുമാരും കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിൽ നടപടിയുണ്ടാവണം.

ഒരുതരത്തിലും അഴിമതി പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാവരുത്. അഴിമതിക്ക് അടിമപ്പെടുന്ന മനോഭാവം ചിലർക്കുണ്ട്.

നിർമ്മാണ പ്രവർത്തികൾക്ക് അനുമതി നൽകുമ്പോൾ ഉദ്യോഗസ്ഥർക്കും വിഹിതം കിട്ടേണ്ടതാണെന്ന ചിന്ത ഇപ്പോഴുമുണ്ട്.

ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളമാണ് നൽകുന്നത്. അതിനാൽ അഴിമതിക്ക് അടിമപ്പെടരുതെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ

Advertisment