/sathyam/media/media_files/2025/09/23/senkumar-t-p_0-2025-09-23-16-49-54.jpg)
തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്ന ശേഷം നിരന്തരം വിവാദ പ്രസ്താനകളുമായി രംഗത്തെത്താറുള്ള മുൻ പോലീസ് മേധാവി ടി.പി സെൻകുമാർ വീണ്ടും വിവാദവുമായി രംഗത്ത്. ഇത്തവണ ഹിന്ദുക്കൾ മുസ്ലിം സഹോദരന്മാരെ കണ്ടുപഠിക്കേണ്ട കാര്യങ്ങളുമായാണ് സെൻകുമാറിന്റെ സോഷ്യൽമീഡിയ പോസ്റ്റ്.
ഇത്തവണ മുസ്ലീം സമുദായത്തിലെ കുട്ടികളുടെ എണ്ണം കൂടുന്നതിനെയും മതപരിവർത്തനത്തെയും നിശിതമായി വിമർശിക്കുകയാണ് സെൻകുമാർ. കുട്ടികളുടെ എണ്ണം കൂട്ടുന്നതിൽ മുസ്ലീം സമുദായത്തെ മാതൃകയാക്കിയില്ലെങ്കിൽ ജനസംഖ്യ വളരെയധികം താഴോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് സെൻകുമാറിന്റെ മുന്നറിയിപ്പ്.
ഹിന്ദുക്കൾ മുസ്ലിം സഹോദരന്മാരെ അതേപടി അനുകരിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്ന ആമുഖത്തോടെയാണ് സെൻകുമാറിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. നീറ്റ് എംബിബിഎസ്ന്റെ റിസൾട്ട് എടുത്തു നോക്കുക. അവർ അവരുടെ കുട്ടികളെ എത്ര ഭംഗിയായി പഠിപ്പിക്കുന്നു പരീക്ഷകൾ എഴുതാൻ, കോംപെറ്റിറ്റിവ് എക്സാംസ് എഴുതാൻ ഉള്ള പരിശീലനം നൽകുന്നു. ഒരുപക്ഷേ അതിൽ കൂടുതൽ പെൺകുട്ടികൾ ആയിരിക്കാം. അപ്പോൾ നമ്മൾ ഹിന്ദുക്കൾ മനസ്സിലാക്കേണ്ടത് മദ്രസ വിദ്യാഭ്യാസം മാത്രമല്ല ഭൂരിപക്ഷം കുട്ടികൾക്കും കിട്ടുന്നത്. അതല്ലാതെ നന്നായി പഠിക്കാനും എക്‌സാമിനേഷൻസ് പ്രത്യേകിച്ചും ഇതുപോലുള്ള കോംപെറ്റിറ്റിവ് എക്സാംസ് അതിൽ നന്നായി പെർഫോം ചെയ്യാനുമുള്ള അവസരം ഒരുക്കികൊടുക്കുന്നുണ്ട്.
അതിന് ആ കമ്മ്യൂണിറ്റി മുഴുവനുമായിട്ട് ഏതെല്ലാം വിഭാഗത്തിലായിരുന്നാലും ഇത് പൊതുവായിട്ട് ചെയ്യുന്നതാണ്. അതിന് അവരെ അഭിനന്ദിച്ചേ പറ്റുള്ളൂ. ആ കാര്യത്തിൽ തീർച്ചയായിട്ടും ഈഡബ്യുഎസ് വിഭാഗത്തിലൊക്കെയുള്ള റാങ്ക് ഒന്നു നോക്കുക. തീർച്ചയായിട്ടും അതിലുള്ള സംഘടനകൾ (പ്രത്യേകിച്ച് പേര് പറയുന്നില്ല. പ്രധാനമായി 2-3 സംഘടനകളാണ് ഉള്ളത്. ) അവരൊക്കെ ഇക്കാര്യത്തിൽ ശ്രദ്ധിക്കുക. മറ്റുള്ളവരും ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികൾക്ക് ഇത്തരം മത്സരപരീക്ഷകൾക്ക് പോകാനും നന്നായിട്ട് റാങ്ക് വാങ്ങാനുമുള്ള പരിശീലനം. അത് തീർച്ചയായിട്ടും അവരെ അനുകരിക്കാവുന്നതാണ്.
ഇത് പലർക്കും അരോചകമായി തോന്നിയേക്കാം. അത് കുട്ടികളുടെ എണ്ണത്തെ സംബന്ധിച്ചാണ്. ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഐഎഎസ് ഐപിഎസ് തുടങ്ങി ആൾ ഇന്ത്യാ സർവീസുകളിൽ കണ്ടക്റ്റ് റൂൾസ് ഇടയ്ക്ക് വന്നിട്ടുണ്ട്. ഈ കണ്ടക്റ്റ് റൂൾസിൽ പറയുന്നത് രണ്ട് കുട്ടികളുടെ മാനദണ്ഡം എന്നാണ്. അതായത് രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടായാൽ അത് കണ്ടക്റ്റ് റൂൾസിന്റെ വയലേഷൻ ആയി കണക്കാക്കാം എന്നതാണ് അതിന്റെ അർത്ഥം. എന്നാൽ മിക്കവർക്കും അതിൽ 3 കുട്ടികൾ ഉണ്ടാവുന്നുണ്ട്. ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും. അപ്പോൾ അതുകൊണ്ട് അതൊരു മാതൃകയായി ഹിന്ദു ദമ്പതികൾ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ജനസംഖ്യ വളരെയധികം താഴോട്ട് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ കാര്യത്തിലും അവരെ അനുകരിക്കുക.
മൂന്നാമതായി എനിക്ക് പറയാനുള്ളത് മതം മാറ്റത്തിന് വരുന്ന ആരെയും ( ഹല്ലേലൂയാ പറഞ്ഞു വരുന്നവർ ആയാലും അല്ലാതെ വരുന്നവർ ആയാലും ) , അവരെ ഇസ്ലാം മതത്തിലെ ഒരു വീട്ടിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ , അല്ലെങ്കിൽ ഒരു ഇസ്ലാമിക് സമൂഹത്തിൽ ചെന്നാൽ അവർക്ക് എന്ത് സ്വീകരണം കൊടുക്കുമോ അതേ സ്വീകരണം കൊടുത്തു ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളും സ്വീകരിക്കണം. അതാണ് മതം മാറ്റം നടത്താൻ വരുന്നവരോട് ചെയ്യേണ്ട കാര്യം. തീർച്ചയായും ഞാൻ ഈ പറഞ്ഞ 3 കാര്യങ്ങളിൽ ഹിന്ദുക്കൾ മുസ്ലിം വിഭാഗത്തെ നല്ലരീതിയിൽ അനുകരിക്കുന്നതും അതുപോലെതന്നെ പ്രവർത്തിക്കുന്നതും നല്ല ഫലങ്ങൾ ഉളവാക്കും എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്- സെൻകുമാർ എഴുതുന്നു.