തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, ലോക പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 60-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ദേശീയതല ഉദ്ഘാടനം എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി തിരുവനന്തപുരത്ത് എച്ച്.എല്‍.എല്ലിന്റെ ഹെഡ് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ എൻ. അജിത്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിന പരിപാടികളുടെ ഭാഗമായി, പേരൂർക്കട ഫാക്ടറിയിൽ 200 പച്ചക്കറി തൈകള്‍ ജീവനക്കാർക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ഹിന്ദ്‌ലാബ്‌സ് ന്യൂഡൽഹിയിലും മറ്റു കേന്ദ്രങ്ങളിലുമായി ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ചെടിച്ചട്ടിയിൽ തൈകൾ വിതരണം ചെയ്തുകൊണ്ട് ഹരിതപ്രവർത്തനങ്ങളിൽ പങ്കാളിയായി.
ശുചിത്വ മിഷന്റെ ഭാഗമായി മീനാങ്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു വേണ്ടി എച്ച്എൽഎൽ വിതരണം ചെയ്ത ഇങ്ക് ഡിസ്പെൻസറിന്റെ ഉദ്ഘാടനം തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ഡോ. ശിവശക്തിവേൽ സി നിർവഹിച്ചു. എച്ച്എൽഎൽ സസ്റ്റൈനബിൾ പ്രോജക്റ്റ്സ് ഡിവിഷൻ, എൻർജി മാനേജ്‌മെന്റ് സെന്ററുമായി സംസ്ഥാനതലത്തിൽ സുസ്ഥിരതയും ഊർജക്ഷമതയും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് എംഒയുവിൽ ഒപ്പുവച്ചു.
‘കാച്ച് ദെം യങ്’ എന്ന ആശത്തിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിലായി എച്ച്എൽഎൽ ലോക പരിസ്ഥിതി ദിനമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഗവ. ഗേൾസ് എച്ച്‌എസ്എസ് പേരൂർക്കട, പിഎസ്‌എൻഎം എച്ച്‌എസ്എസ് പേരൂർക്കട, ജിഎച്ച്‌എസ്‌എസ് അമ്പലമുക്ക്, ജിഎൽപിഎസ് ഊളംപാറ തുടങ്ങിയ സ്‌കൂളുകളിൽ മൊത്തം 190 വൃക്ഷ തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുന്നതിനായി അവരെ പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു.
തിങ്കൾ മെൻട്രൽ കപ്പ് പദ്ധതി, പരിസ്ഥിതി പദ്ധതികൾക്കായി പ്രത്യേക സസ്‌റ്റെയ്‌നബിൾ ഡിവിഷൻ, സോളാർ പവർ പദ്ധതികൾ, മഴവെള്ള ശേഖരണം, സുസ്ഥിര പദ്ധതികളുടെ പ്രത്യേക വിഭാഗം തുടങ്ങിയ മുന്നേറ്റങ്ങളിലൂടെ എച്ച്എൽഎൽ സുസ്ഥിര വികസനവും സുസ്ഥിര ജീവിത രീതികളും പ്രോത്സാഹിപ്പിക്കുന്നു