കോട്ടയം: സംസ്ഥാനത്ത് തേനീച്ച ആക്രമണങ്ങള്‍ വര്‍ധിക്കുന്നു.. പുതുവര്‍ഷത്തില്‍ മാത്രം ഒന്നിലധികം പേർക്കാണു തേനീച്ച കാണരം ജീവന്‍ നഷ്ടമായത്. കുത്തേറ്റ് പ്രാണ രക്ഷാര്‍ഥം കാനാലില്‍ ചാടിയ ആൾ ഒഴുകില്‍പ്പെട്ടു മരിച്ച ദാരുണ സംഭവും ഉണ്ടായി.
Advertisment
പകല്‍ ചൂട് വര്‍ധിച്ചതാണോ തേനച്ച ആക്രണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന ആശങ്കയിലാണു ജനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മൂന്നു ഡിഗ്രിവരെയാണു ചൂടു കൂടിയിരുന്നു.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം തേനീച്ചയുടെ കുത്തേറ്റു വയോധികനു ജീവന്‍ നഷ്ടമായിരുന്നു. കണിച്ചാര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ ആണു മരിച്ചത്. വീട്ടിലെ പറമ്പില്‍ ജോലിക്കിടെയാണു തേനീച്ചയുടെ ആക്രമണമുണ്ടായത്.
ഗോപാലകൃഷ്ണനു ഗുരുതരമായി പരുക്കറ്റിരുന്നു. ഉടന്‍തന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. ഗോപാലകൃഷ്ണന്റെ കൂടെയുണ്ടായിരുന്ന 5 പേര്‍ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
കഴിഞ്ഞ 14ന് പാലക്കാട് തേനീച്ചയുടെ കുത്തേറ്റതിനെ തുടര്‍ന്നു രക്ഷയ്ക്കായി കനാലിലേക്കു ചാടിയ ഗൃഹനാഥന്‍ മരിച്ചിരുന്നു. ചിറ്റൂര്‍ കണക്കമ്പാറ കളപ്പറമ്പില്‍ വീട്ടില്‍ സത്യരാജ് (65) ആണു മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരുക്കുകളുമായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലത്ത് ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്കു നനയ്ക്കാനായി പോയപ്പോഴാണു തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലില്‍ ചാടുകയായിരുന്നു. കുത്തേറ്റ് അവശനായ സത്യരാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ തിരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
എപ്പോഴാണു തങ്ങളുടെ നേരെയും തേനീച്ചക്കൂട്ടം പാഞ്ഞടുക്കുന്നതെന്ന ആശങ്കയിലാണു മലയോര ജനത കഴിയുന്നത്. തേനീച്ചകളും വന്യജീവി വിഭാഗത്തില്‍പ്പെട്ടവയാണ്. ഒരാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ തീവ്രതയേറിയതായിരിക്കും തേനീച്ച കുത്തിയാല്‍ ഉണ്ടാകുന്ന വേദനകള്‍. തേനീച്ചകളുടെ കാര്യമെടുക്കുകയാണെങ്കില്‍ തങ്ങള്‍ അപകടത്തിലാണ് എന്ന തോന്നലുണ്ടാവുന്ന ഘട്ടത്തില്‍ മാത്രമേ തേനീച്ചകള്‍ക്കു കുത്താനുള്ള പ്രവണത കാണിക്കുകയുള്ളൂ. പക്ഷേ, തേനീച്ച ആക്രമണം വ്യാപകമാകുന്നത് ജനങ്ങള്‍ക്കു ആശങ്കയാണുണ്ടാക്കുന്നത്.
തേനീച്ചകള്‍ കുത്തുമ്പോള്‍ പലപ്പോഴും അവയുടെ മുള്ള് ഒടിഞ്ഞ് കുത്തുകൊണ്ട ആളുടെ ശരീരത്തില്‍ തറച്ചുകയറുന്നു. മിക്ക സന്ദര്‍ഭങ്ങളിലും ഈ മുള്ളിനോടൊപ്പം വിഷസഞ്ചിയും വയറിന്റെ കുറച്ചുഭാഗവും കൂടെ പോരും. ഇവ നഷ്ടപ്പെടുന്നതിനാല്‍ കുത്തിയ ശേഷം തേനീച്ചകള്‍ പിന്നെ ജീവിച്ചിരിക്കില്ല.
തേനീച്ചയുടെയും കടന്നലിന്റെ കുത്തേറ്റാല്‍ ഉടന്‍ ചികിത്സ തേടണം. മരണത്തിലേക്കുപോലും എത്താവുന്നത്ര ഗുരുതരമാണു കടന്നലുകളുടെയും തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. കടുത്ത അലര്‍ജിയാണു തേനീച്ച കുത്തു നല്‍കുന്നത്. ഇതിനെതിരെ വ്യാപകമായി ആന്റി ഹിസ്റ്റമിനുകള്‍ പുറപ്പെടുവിക്കുന്നതു മൂലമാണ് ദേഹം മുഴുവനും നീരു വരുന്നത്. ശ്വാസതടസവും തലകറക്കവും തോന്നിയാല്‍ ഉടനെ ഡോക്ടറെ സമീപിക്കണം. കുട്ടികളുടെ കാര്യത്തില്‍ പെട്ടെന്നു ചികിത്സ തേടുന്നതാകും ഉത്തമം.