കൊല്ലം: പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽ അമീൻ ആണ് അറസ്റ്റിലായത്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽ അമീൻ.
കേസിൽ മറ്റ് പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും ഇരവിപുരം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലിയത്. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. കുതിരയുടെ കാലുകളിലും കണ്ണിനു മുകളിലും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരും ഉണ്ടായിരുന്നു.