/sathyam/media/media_files/2026/03/06/websitewebp_m-fsurg_main-visual_cyan_website-1-2026-03-06-16-41-10.webp)
തിരുവനന്തപുരം: സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറിനുള്ളിൽ തുണിക്കഷണംവച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.
കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ആണ് ഡിസംബർ മൂന്നിന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായി ഈ ആശുപത്രിയിൽ എത്തിയത്. സ്കാനിംഗിനുശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് ആരോപണം.
ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തിനുശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്‍റെ ഒരു ഭാഗം ഉണങ്ങിയില്ല. തുടർന്നുള്ള മൂന്നുമാസം അതിശക്തമായ വേദന അനുഭവപ്പെട്ടു.
വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്‍റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളിൽ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.
ഒടുവിൽ ഫെബ്രുവരി ആറിന് സിഎസ്ഐ മിഷൻ ആശുപത്രിയിൽവച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുത്തു.
തുണി എങ്ങനെ വയറിനുള്ളിൽ പോയി എന്ന് തങ്ങൾക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us