'ചികിത്സ നിഷേധിക്കരുത്, രോഗികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം'; ആശുപത്രികൾക്ക് മാർഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

New Update
hc Untitledtrmp

കൊച്ചി: രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ ചികിത്സാ നിഷേധത്തിന് കാരണമാകരുതെന്ന് കേരള ഹൈക്കോടതി.

Advertisment

ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി 30 ദിവസത്തിനകം അറിയിക്കണം എന്നും ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം എന്നതാണ് ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശം. അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം.

പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിക്കുന്ന ആശുപത്രിയുടേതാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

രോഗികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കണം. ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം. ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം.

ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് വേണം. പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ ഡി എം ഒക്ക് കൈമാറണം ന്നെും ഹൈക്കോടതി വ്യക്തമാക്കി.

2018 ല്‍ നിലവില്‍ വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിനെതിരെ ആയിരുന്നു ആശുപത്രി മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Advertisment