ഹഡില്‍ ഗ്ലോബല്‍ 2025: ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ എക്സ്പോ സംഘടിപ്പിക്കും

ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസില്‍

New Update
huddle global
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും. ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Advertisment

കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും.

എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ - ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍, ഐഒടി, ഗ്രീന്‍ടെക്, എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമായുണ്ട്.

ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളും സേവനങ്ങളും എക്സ്പോയുടെ ഭാഗമാകും.

പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിച്ച നൂതന മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, അഗ്നി സുരക്ഷാ ഉപകരണങ്ങള്‍, പുതുതലമുറ റോബോട്ടിക്സ് സൊല്യൂഷനുകള്‍, ശാസ്ത്രത്തിലും ഗണിതത്തിലും വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങള്‍ തുടങ്ങിയവയും എക്സ്പോയെ ശ്രദ്ധേയമാക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഗവേഷണ വികസന സ്ഥാപനങ്ങളും ഇന്‍കുബേഷന്‍ സെന്‍ററുകളും എക്സ്പോയിലുണ്ട്. കാര്‍ഷിക സംസ്കരണം, സമുദ്ര സാങ്കേതികവിദ്യ, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും എക്സ്പോ വേദിയാകും.

ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഫൗണ്ടേഴ്സ് മീറ്റ്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, സണ്‍ ഡൗണ്‍ ഹഡില്‍, റൗണ്ട്ടേബിളുകള്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇക്കൊല്ലത്തെ ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകും. പിച്ച് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോകള്‍, നിക്ഷേപക സംഗമങ്ങള്‍, ഫയര്‍സൈഡ് ചാറ്റുകള്‍, മാസ്റ്റര്‍ക്ലാസുകള്‍, ക്യൂറേറ്റഡ് നെറ്റ് വര്‍ക്കിംഗ് അനുഭവങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.

രജിസ്ട്രേഷന്: www.huddleglobal.co.in.
Advertisment