New Update
/sathyam/media/media_files/2025/12/13/pic-2-2025-12-13-15-13-17.jpeg)
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളിലുടനീളം സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയെ കരുത്തുറ്റതാക്കിയെന്നും എംഎസ്എംഇകളും യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും കൂടിച്ചേര്‍ന്ന് 'കേരള മോഡല്‍' നടപ്പാക്കണമെന്നും ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കെടുത്ത വിദഗ്ധര്‍.
Advertisment
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പില്‍ ' കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ വളര്‍ച്ചയും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായ മേഖലയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും 10-15 വര്‍ഷങ്ങളായി സര്‍ക്കാര്‍ നയങ്ങളാണ് ഈ ഇക്കോസിസ്റ്റത്തിന് ശക്തി പകര്‍ന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
എംഎസ്എംഇകളും യുണികോണ്‍ സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്നുള്ള 'കേരള മോഡല്‍' അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ മൂല്യമെത്താന്‍ കഴിയുന്ന 100 സ്റ്റാര്‍ട്ടപ്പുകളെ കെഎസ്‌യുഎം കണ്ടെത്തണം. ഒരു ബാങ്കും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിട്ട് ഫണ്ടിംഗ് നല്‍കാറില്ല. സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യം എംഎസ്എംഇ ആകണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരും സ്റ്റാര്‍ട്ടപ്പ് മിഷനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷക്കാലം കൊണ്ട് ഐപിഒയില്‍ ഇടംപിടിക്കാന്‍ സാധിക്കുന്ന 10 സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
സ്റ്റാര്‍ട്ടപ്പ് മോഡലാണോ, എംഎസ്എംഇ മോഡലാണോ സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ശാസ്ത്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കോഴിക്കോട് ഐഐഎം ഫാക്കല്‍റ്റിയുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ഗ്രാന്‍റുകള്‍ക്കായി സര്‍ക്കാരിനെ ആശ്രയിക്കുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഭികാമ്യമല്ലെന്ന് അനലിറ്റിക്സ് ലീഡര്‍ തപന്‍ രായ്ഗുരു അഭിപ്രായപ്പെട്ടു.
കെഎസ്‌യുഎം സ്വയംഭരണ സ്ഥാപനമായി മാറേണ്ടതുണ്ടെന്ന് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പുകള്‍ വിദേശ മേളകളില്‍ പങ്കെടുക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുന്‍ ചെയര്‍മാന്‍ പി എച്ച് കൂര്യന്‍ പറഞ്ഞു. കെഎസ്‌യുഎം സിഇഒ അനൂപ് അംബിക മോഡറേറ്ററായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us