ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സി ഇലക്ട്രിക്ക്, ക്രിങ്ക് , ഒപ്പം എന്നീ സ്റ്റാര്‍ട്ടപ്പുകള്‍

New Update
huddle jkj

തിരുവനന്തപുരം: ഉല്‍പ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും വിപണി വിപുലീകരണത്തിനുമായി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം സമാഹരിച്ചു. ക്രിങ്ക്, സി ഇലക്ട്രിക് ഓട്ടോമോട്ടീവ്, ഒപ്പം എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് നേട്ടം കരസ്ഥമാക്കിയത്. കോവളത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുകളില്‍ ഒന്നായ ഹഡില്‍ ഗ്ലോബല്‍ 2025-ലാണ് കമ്പനികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ജോലിസ്ഥലവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി കുടുംബങ്ങളെ ശാക്തീകരിക്കുന്ന നൂതന എഐ പ്ലാറ്റ്‌ഫോമാണ് ക്രിങ്ക്. ഡീപ്-ടെക് ഇവി സ്റ്റാര്‍ട്ടപ്പാണ് സി ഇലക്ട്രിക് ഓട്ടോമോട്ടീവ്. കേരളത്തിലെ ആദ്യ മാനസികാരോഗ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഒപ്പം.

ആസ്റ്റര്‍ മിഡില്‍ ഈസ്റ്റ് സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു, അബാദ് ഗ്രൂപ്പ് എന്നിവരില്‍ നിന്നായി 1.8 കോടി രൂപയുടെ  ഫണ്ടിംഗാണ് ക്രിങ്ക് നേടിയത്. റുസ്തം ഉസ്മാന്‍, മറിയം വിധു വിജയന്‍, ശ്രുതി പി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. സമാധാനപൂര്‍ണമായ കുടുംബജീവിതം ബിസിനസിന് അത്യന്താപേക്ഷിതമാണെന്ന ആശയത്തിലാണ് ക്രിങ്ക് പ്രവര്‍ത്തിക്കുന്നത്. കുടുംബജീവിതവും ഔദ്യോഗികജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. എഐ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും ചേര്‍ത്ത് വച്ച് ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ദീര്‍ഘകാല പരിശീലനവും പിന്തുണയും ക്രിങ്ക് നല്‍കുന്നു.

മനഃശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലുള്ള നൂതന മൂല്യനിര്‍ണ്ണയ രീതികള്‍ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ധാര്‍മ്മികമായ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളാണ് ഇവര്‍ നടത്തുന്നത്. തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുടുംബങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മറിയം വിധു പറഞ്ഞു. വെറുമൊരു വെല്‍നസ് ആപ്പ് എന്നതിലുപരി, വര്‍ത്തമാനകാല കുടുംബജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കി കൃത്യമായ സഹായം നല്‍കുന്ന വിശ്വസ്തനായ പരിശീലകനായി മാറാനാണ് ക്രിങ്ക് ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവര്‍ട്രെയിന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സി ഇലക്ട്രിക് ഓട്ടോമോട്ടീവില്‍ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സീഫണ്ടാണ് നിക്ഷേപം നടത്തിയത്. ഇവി അസംബ്ലിംഗില്‍ നിന്ന് മാറി പവര്‍ട്രെയിന്‍ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനകം ഒന്നരലക്ഷത്തിലധികം യൂണിറ്റുകള്‍ സി ഇലക്ട്രിക് വിന്യസിച്ചിട്ടുണ്ട്.

മോട്ടോര്‍ കണ്‍ട്രോളും വെഹിക്കിള്‍ കണ്‍ട്രോളും സംയോജിപ്പിച്ച് പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച (അസംബിള്‍ ചെയ്യാത്ത) പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഫേംവെയര്‍, കണ്‍ട്രോള്‍ അല്‍ഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്‌നോസ്റ്റിക്‌സ്, സിസ്റ്റം-ലെവല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഇവി അവസരങ്ങള്‍ വെറും നിര്‍മ്മാണത്തിലല്ല, മറിച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലാണെന്ന് സീഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. സിസ്റ്റങ്ങള്‍ അസംബിള്‍ ചെയ്യുന്നതിന് പകരം കോര്‍ പവര്‍ട്രെയിന്‍ ഇന്‍റലിജന്‍സ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് ആരംഭിച്ചതെന്ന് സഹസ്ഥാപകനും സിഇഒയുമായ ബാവില്‍ വര്‍ഗീസ് പറഞ്ഞു. സ്വന്തമായി ഫേംവെയറും കണ്‍ട്രോള്‍ അല്‍ഗോരിതവും ഉള്ളതിനാല്‍ ഒഇഎമ്മുകള്‍ക്ക് സ്വന്തം നിയന്ത്രണത്തിലുള്ള ഇവി പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ആവശ്യമായ സമയവും അറിവും സീഫണ്ടിനുണ്ടെന്നും ഈ പങ്കാളിത്തം വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാനസികാരോഗ്യ കണ്‍സല്‍ട്ടിംഗ് കമ്പനിയാണ് ഒപ്പം. എയ്ഞജല്‍ നിക്ഷേപകരില്‍ നിന്നും എയ്ഞ്ജല്‍ ശൃംഖലയില്‍ നിന്നും ഇവര്‍ ഒന്നരക്കോടി രൂപയാണ് നിക്ഷേപമായി കരസ്ഥമാക്കിയത്. പ്രാദേശിക ഭാഷയില്‍ 24 മണിക്കൂറും മാനസികാരോഗ്യ കണ്‍സല്‍ട്ടേഷന്‍ ഇതിലൂടെ സാധ്യമാണ്. ഇബ്രാഹിം ഹഫാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാന്‍ എന്നിവരാണ് ഈ സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകര്‍.

Advertisment
Advertisment