സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കടലോളം അവസരങ്ങളുമായി ഹഡില്‍ ഗ്ലോബല്‍ ഡിസംബറില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

New Update
Huddle Global_Logo 123
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കടലോളം അവസരങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബറില്‍ കോവളത്ത് തിരിതെളിയും.
Advertisment
 
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ 2025' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍റ്  ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പത്രസമ്മേളനത്തില്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ കെഎസ്‌യുഎം സിഇഒഅനൂപ് അംബികയും സന്നിഹിതനായി.

ഹഡില്‍ ഗ്ലോബല്‍ 2025 ലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതായി സീറാം സാംബശിവ റാവു പറഞ്ഞു. സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ബഹുമുഖ വികസനത്തിന് ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കും. സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ആശയങ്ങളേയും സംരംഭങ്ങളേയും പരിപോഷിപ്പിക്കുന്നതിനും മൂലധനം കണ്ടെത്തുന്നതിനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയാണ് ഹഡില്‍ ഗ്ലോബല്‍.
 
സംസ്ഥാനത്ത് നിലവില്‍ രജിസ്ട്രേഷനുള്ള 7000 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ഡീപ്ടെക്- ഹൈ വാല്യു സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും പ്രകടനത്തിലും മികവ് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. ഇതിനായി തിരുവനന്തപുരത്ത് എമര്‍ജിംഗ് ടെക്നോളജി ഹബ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കെഎസ്‌യുഎമ്മിന്‍റെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഫീഡര്‍ ഫണ്ട് എന്ന ആശയം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
കമ്പനി-സ്റ്റാര്‍ട്ടപ്പ് കണക്റ്റ്, ജിസിസി റൗണ്ട് ടേബിള്‍, ജിസിസി ഇന്നൊവേഷന്‍ ബ്രിഡ്ജ് തുടങ്ങിയവ സ്റ്റാര്‍ട്ടപ്പ് സംഗമത്തിനെ ആകര്‍ഷകമാക്കും. 5,000 ത്തിലധികം സന്ദര്‍ശകര്‍, 200 ലധികം പ്രഭാഷകര്‍, 150 ലധികം നിക്ഷേപകര്‍, 300 ലധികം എച്ച്എന്‍ഐകള്‍, 100 ലധികം എക്സിബിറ്റര്‍മാര്‍, ഇന്ത്യയിലും വിദേശത്തുമുള്ള 3,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ പങ്കെടുക്കും.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20000 മായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കും. സ്കൂളുകളിലെ ഏര്‍ലി ഇന്നവേഷന്‍ സെന്‍ററുകള്‍, കോളേജുകളിലെ ഫാബ് ലാബുകള്‍, ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഫ്രീഡം സ്ക്വയറുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന സ്റ്റാര്‍ട്ടപ്പ് സംഗമമായി ഹഡില്‍ ഗ്ലോബല്‍ മാറുമെന്നും സീറാം സാംബശിവ റാവു കൂട്ടിച്ചേര്‍ത്തു.
 
അന്താരാഷ്ട്ര സാങ്കേതിക ലക്ഷ്യസ്ഥാനമായി തിരിച്ചറിയപ്പെടുന്നതിലേക്കുള്ള കേരളത്തിന്‍റെ വലിയ ചുവടു വയ്പ്പുകളിലൊന്നാണ് ഹഡില്‍ ഗ്ലോബല്‍ 2025 എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, ഭക്ഷ്യ-കാര്‍ഷികമേഖല, ആരോഗ്യ സംരക്ഷണം, ലൈഫ് സയന്‍സസ്, നവീന ഊര്‍ജ്ജമേഖലകള്‍ തുടങ്ങിയവയില്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മികച്ച ആശയങ്ങളും പരിഹാരങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം,വിശ്വാസ്യത, മൂലധനം തുടങ്ങിയവ ലഭ്യമാക്കുന്നൊരിടമായി ഹഡില്‍ ഗ്ലോബല്‍ പ്രവര്‍ത്തിക്കുന്നു.

ഏഷ്യയിലെ ഏറ്റവും ചലനാത്മകമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നായി കേരളം ഉയര്‍ന്നു വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇന്നവേഷന്‍ പരിപാടികളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്‌യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്‍റ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) അഷിത വി എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുന്‍കാല ഹഡില്‍ ഗ്ലോബല്‍ വേദികളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെല്‍ജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെയും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാക്കാനായി.

നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്‍റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ പ്രാധാന്യം നല്കും. ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചര്‍ച്ചകള്‍, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.

ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഫൗണ്ടേഴ്സ് മീറ്റ്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, സണ്‍ ഡൗണ്‍ ഹഡില്‍, റൗണ്ട്ടേബിളുകള്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇക്കൊല്ലത്തെ ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകും. പിച്ച് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോകള്‍, നിക്ഷേപക സംഗമങ്ങള്‍, ഫയര്‍സൈഡ് ചാറ്റുകള്‍, മാസ്റ്റര്‍ക്ലാസുകള്‍, ക്യൂറേറ്റഡ് നെറ്റ് വര്‍ക്കിംഗ് അനുഭവങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.

നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന 'എമര്‍ജിംഗ് ടെക്നോളജി സോണ്‍', യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും പരിസ്ഥിതി സൗഹൃദപരവുമായ  സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതനാശയക്കാര്‍ക്കും പുത്തന്‍ വാതായനങ്ങള്‍ തുറന്ന് നല്കുന്ന 'സസ്റ്റെയനബിലിറ്റി സോണ്‍', സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഫണ്ടുകളും നിക്ഷേപക അവസരങ്ങളും കാത്തിരിക്കുന്ന 'ഫണ്ടിംഗ് മാനിയ', ഏറ്റവും പുതിയ മാര്‍ക്കറ്റിംഗ്- ബ്രാന്‍ഡിംഗ് സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന 'മാര്‍ക്കറ്റിംഗ് മാഡ്നെസ്',  ബിസിനസ് നെറ്റ് വര്‍ക്കിംഗിനെയും ബി 2 ബി സഹകരണത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന 'ബിസിനസ് സ്ഫിയര്‍', സ്റ്റാര്‍ട്ടപ്പ് സ്ഥാപകരേയും സഹസ്ഥാപകരെയും മെന്‍റര്‍മാരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള 'ഹഡില്‍ സ്പീഡ് ഡേറ്റിംഗ്', ഡീപ്ടെക് ടെക്നോളജി മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടേയും വിദ്യാര്‍ത്ഥികളുടേയും ഗവേഷകരുടേയും എക്സ്പോ ശ്രദ്ധേയമാക്കുന്ന 'ഡീപ്ടെക് സോണ്‍', അന്താരാഷ്ട്ര വിപണികളിലും ആഗോള സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചര്‍ച്ചകളും പവലിയനുകളും ഉള്‍പ്പെടുന്ന 'ബിയോണ്ട് ബോര്‍ഡേഴ്സ് , നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ അവലോകനം ചെയ്യുന്ന 'ജെന്‍ എഐ വര്‍ക്ക്ഷോപ്പ്', വനിതാ സംരംഭകരെ മുന്നില്‍ക്കണ്ടുള്ള വിമന്‍ ഇന്‍ ലീഡര്‍ഷിപ്പ് ടോക്കുകള്‍, വനിതാ സംരംഭക എക്സ്പോ, വനിതാ ഇന്നൊവേറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള 'വിമണ്‍ സോണ്‍' എന്നിവ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ വൈവിധ്യങ്ങളാണ്.

രജിസ്ട്രേഷന്: www.huddleglobal.co.in.

 
MD NICHE
Advertisment