/sathyam/media/media_files/2025/06/04/aqtL30OgmkWznTHskuBp.jpg)
കോട്ടയം: കേന്ദ്ര സഹായത്തോടെ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ചു രാത്രിയില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തു നാലിടങ്ങളില്‍ കൂറ്റന്‍ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കുന്ന പദ്ധതിയില്‍ പ്രതീക്ഷവെച്ചു സോളാര്‍ ഉപഭോക്താക്കള്‍. ഇത്തരം പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും അല്ലാതെ ഉപഭോക്താക്കള്‍ക്കുമേല്‍ അപരിഷ്‌കൃതമായ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടതെന്നും സോളാര്‍ ഉപഭോക്താക്കള്‍ പറയുന്നു.
സോളാറിലൂടെ കെ.എസ്.ഇ.ബിക്ക് 500 കോടിയുടെ നഷ്ടമുണ്ടായി എന്നൊക്കെ പറയുന്നത് ഊതിപ്പെരുപ്പിച്ചു പറയുന്ന കണക്കാണ്. പുതിയ പദ്ധതികള്‍ വരുന്ന സാഹചര്യത്തില്‍ റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പ് ഓണ്‍ലൈന്‍ അല്ലാതെ വീണ്ടും നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും ഇത്തരം പദ്ധതികളുടെ ഭാവി ഉള്‍പ്പടെ ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്.
പകല്‍ പുരപ്പുറ സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ചു രാത്രിയില്‍ ഉപയോഗിക്കാന്‍ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നാലിടങ്ങളില്‍ കൂറ്റന്‍ ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കുന്നത്. 900കോടി മുതല്‍മുടക്കുള്ള പദ്ധതിയില്‍ 270കോടി കേന്ദ്രസഹായമാണ്. ബാക്കി കരാറുകാരായ എന്‍.എച്ച്.പി.സി.വഹിക്കും. കെ.എസ്.ഇ.ബിക്കു ബാധ്യതയില്ല. അടുത്ത വര്‍ഷം വേനല്‍ക്കാലത്തിനു മുന്‍പായി പദ്ധതി പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടഒന്നത്.
ആലപ്പുഴയിലെ ശ്രീകണ്ഠാപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറത്തെ അരീക്കോടും കാസര്‍കോട്ടെ മുള്ളേരിയയിലുമാണു സ്ഥാപിക്കുന്നത്. വൈകിട്ട് 6 മുതല്‍ രാത്രി 11വരെയുള്ള സമയത്തു പുറമേനിന്നു വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 12രൂപവരെ കെ.എസ്.ഇ.ബി നല്‍കേണ്ടിവരുന്നുണ്ട്. ഇത്രയും വിലകൂടിയ വൈദ്യുതി പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് പകരം വൈദ്യുതിയായി കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതു നഷ്ടമായതിനാല്‍ അവര്‍ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം ഒരുക്കണമെന്നു കെ.എസ്.ഇ.ബി നിലപാടെടുത്തിരുന്നു. ഇതിനു പരിഹാരമാണ് ഈ കേന്ദ്ര പദ്ധതി വിലയിരുത്തപ്പെടുന്നത്.
4 മണിക്കൂര്‍ തുടര്‍ച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. കമ്പനിയുമായി പന്ത്രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന കരാര്‍. മുടക്കുമുതലും ലാഭവും ഇതിനകം കമ്പനി ലഭിക്കും. തുടര്‍ന്ന് കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കണം. പകല്‍ സമയത്ത് കുറഞ്ഞ വിലയ്ക്കു സുലഭമായ വൈദ്യുതി വന്‍ശേഷിയുള്ള ബാറ്ററികളില്‍ ശേഖരിച്ച്, വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം. അതേസമയം പദ്ധതി വരുന്ന സാഹചര്യത്തില്‍ മുന്‍ നിലപാടുകളില്‍ നിന്നു കെ.എസ്.ഇ.ബി. പിന്മാറണമെന്ന ആവശ്യം ശക്തമാണ്.