കായംകുളം: ഈദുൽ ഫിത്‌ർ ആഘോഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, കായംകുളത്ത് വസ്ത്രവിപണി സജീവമായി. കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി അതിവിപുലമായ ശേഖരമാണ് വസ്ത്ര വില്പനശാലകൾ ഒരുക്കിയിട്ടുള്ളത്.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ തരം വസ്ത്രങ്ങൾ ലഭ്യമാണ്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഓഫറുകളും ഡിസ്‌കൗണ്ടുകളും കടകളിൽ ഒരുക്കിയിട്ടുണ്ട്.
പരമ്പരാഗത വസ്ത്രങ്ങൾ മുതൽ ആധുനിക ഡിസൈനുകൾ വരെ വിപണിയിൽ ലഭ്യമാണ്. ടെൽട്രിoഗ് വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുളത്. എന്നാൽ ഷോർട്ട് ടോപ്പും ടോപ്സും അനാർക്കലി, ചുരിദാർ എന്നിവയും കൂടുതലായും വിറ്റഴിക്കുന്നുണ്ട്. ആൺകുട്ടികൾക്കുള്ള പാന്റ്സ്, ജീൻസ്, ടീ ഷർട്ടുകൾ, വിവിധ ഇനം മോഡൽ വസ്ത്രങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ മോഡേൺ പർദ്ദകളും ഹിജാബും മറ്റും ഇക്കൂട്ടത്തിലുണ്ട്.
നോമ്പ് കാലമായതിനാൽ രാത്രി ഏറെ തിരക്കുള്ളതിനാൽ ഷോപ്പുകൾ രാത്രി വൈകി ഒരു മണി വരെയും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. വിലക്കുറവുള്ള ഇനങ്ങൾ മുതൽ ഉയർന്ന ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് വരെയുള്ള ഡിമാൻഡ് ഈ വർഷം ശ്രദ്ധേയമാണ്. ഈ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ കടയുടമകൾ അധിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
വ്യത്യസ്ത റേഞ്ചുകളിലുള്ള വസ്ത്രങ്ങൾ ലഭ്യമാകുന്ന സാഹചര്യത്തിൽ കടകളിലും ഷോപ്പിംഗ് മാളുകളിലും തിരക്കേറുന്നു. വരും ദിവസങ്ങളിൽ പെരുന്നാൾ ഷോപ്പിംഗിനായി ജനങ്ങൾ ഒഴുകിയെത്തുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു.
കൂടാതെ, തെരുവ് വിൽപ്പനയും ഓൺലൈൻ വസ്ത്രവ്യാപാരവും ഗണ്യമായി വർദ്ധിച്ചു. വിപണിയിലെ തിരക്ക് നിയന്ത്രിക്കാൻ വ്യാപാരസ്ഥാപനങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികളെയും ഉപഭോക്താക്കളെയും പോലെ തൊഴിൽ വ്യവസായ മേഖലയും പെരുന്നാൾ വിപണനത്താൽ ഉണർവിലാണ്. ചെറുകിട വ്യാപാരികളും താത്കാലിക സ്റ്റാളുകളും സജീവമായിട്ടുണ്ട്.
ചെറിയ പെരുന്നാളിന് ഇനി ഏതാനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഫുട്പാത് കച്ചവടക്കാരും ഒറിജിലിനെ വെല്ലുന്നതരത്തിലുള്ള ആകർഷകമായ മോഡൽ വസ്ത്രങ്ങളും ചെരിപ്പുകളും ഏറെ വില കുറച്ചു നൽകുന്നതും സാധാരണക്കാർക്ക് ആശ്വാസമേകുന്നു. നിലവിലുള്ള അറവ് ശാലകൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പെരുന്നാളിനായി പ്രത്യേകം തയ്യാറാക്കിയ ഇറച്ചിക്കടകളും ധാരാളമായി ഈ വർഷമുണ്ട്.
പുതു വസ്ത്രം അണിയുന്നതിനൊപ്പം സുഗന്ധ ദ്രവ്യം പുരട്ടാൻ റോഡ് അരികിൽ ഇരുന്ന് സുഗന്ധ കച്ചവടം നടത്തുന്നവരുടെ മുന്നിലും തിരക്കിന് കുറവില്ല. കൂടാതെ പൂ വിപണിയും ഏറെ സജീവമാണ്. വരും ദിവസങ്ങളിൽവ്യാപാര വിപണി കൂടുതൽ സജീവമായി മാറും.
വാഹിദ് കൂട്ടേത്ത്,
കായംകുളം