/sathyam/media/media_files/2024/12/31/FH1pEWiYXGfsda5FmieZ.jpg)
ഹൈദരാബാദ്: കേരള ഫുട്ബോൾ ആരാധകർക്ക് പുതുവത്സരസമ്മാനമായി എട്ടാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കാൻ കേരളം ഇന്നിറങ്ങും. കരുത്തരായ ബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ.
കിരീടനേട്ടം സ്വന്തമാക്കാനിറങ്ങുന്ന കേരളത്തിനു ബംഗാൾ ഉയർത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടം.
പരമ്പരാഗത ശക്തികളായ കേരളവും ബംഗാളും അഞ്ചാംതവണയാണ് ഫൈനലിൽ നേരിട്ടേറ്റു മുട്ടുന്നത്. മുമ്പ് നാലുതവണയും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. കേരളം രണ്ടുവർഷംമുമ്പാണ് അവസാന കിരീടം നേടിയത്.
എന്നാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ മറ്റാർക്കും സാധ്യമാകാത്ത കുത്തകയാണ് ബംഗാളിന്റേത്. 32 തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
ഇക്കുറി 47–-ാം ഫൈനലാണ് അവർ ഇറങ്ങുന്നത്. കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത മുന്നേറ്റനിരയാണ് ബംഗാളിന്റെ ശക്തി. 2017 നു ശേഷം കരീടം സ്വന്തമാക്കാൻ ബംഗാളിനു സാധിച്ചിട്ടില്ല.
ഗ്രൂപ്പ് ഘട്ടംമുതൽ 10 കളിയിൽ 35 ഗോൾ അടിച്ചുകൂട്ടിയാണ് കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്. സെമിയിൽ മണിപ്പുരിനെ 5-1ന് തകർത്ത ആത്മവിശ്വാസമാണ് കരുത്ത്. ബംഗാൾ ചാമ്പ്യൻമാരായ സർവീസസിനെ 4–2ന് മറികടന്നു.
ടർഫ് ഗ്രൗണ്ടിൽനിന്ന് സ്വാഭാവിക പുൽമൈതാനത്തേക്ക് കളി മാറിയതും കാലാവസ്ഥയും കേരളത്തിന് അനുകൂലമാണ്. പകരക്കാരായെത്തുന്ന താരങ്ങൾ മികച്ച പ്രകടനത്തോടെ കളിപിടിക്കുന്നത് ആവേശകരം.
ക്വാർട്ടറിൽ വിജയഗോളിന് അവസരമൊരുക്കിയ വി അർജുനും സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും ഉദാഹരണം. പ്രതിരോധനിരയിൽ മനോജിന് കളിക്കാനാകാത്തതും നിജോ ഗിൽബർട്ടിന്റെ പരിക്കും ആശങ്കയാണ്.