എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് മോഹൻലാൽ. കുറച്ച് കാലമായി കേരളത്തിന് പുറത്തായിരുന്നുവെന്നും മോഹൻലാൽ. തിരുവനന്തപുരത്ത് കെ സി എൽ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വാർത്ത സമ്മേളനങ്ങൾ അഭിമുഖീകരിച്ചു പരിചയമില്ല. തന്റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. അതിന്റെ കൂടെ ഷൂട്ടിംഗ് തിരക്കുണ്ടായിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
‘സിനിമ സമൂഹത്തിന്റെ ഒരു ഭാഗം മാത്രം. എല്ലാ മേഖലയിലും നടക്കുന്ന പോലുള്ള കാര്യങ്ങൾ സിനിമയിലും നടക്കുന്നുണ്ട്. താൻ അഭിനയിക്കുന്ന സിനിമയിലെ കാര്യങ്ങൾ തനിക്ക് പറയാൻ കഴിയുക. അമ്മ ഒരു കുടുംബം പോലെയാണ്. ഏറ്റവും വലിയ അസോസിയേഷൻ ആണ് അമ്മ. ഒരുപാട് പേർക്ക് നന്മ ചെയ്യാൻ ‘അമ്മക്ക് കഴിഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടിലെ കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടത് മലയാളസിനിമ മുഴുവൻ ആണ്. എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തുന്ന രീതിയായി മാറി. സിനിമയിലെ മുതിർന്ന ആളുകളുമായും നിയമ വിദഗ്ധരുമായും ആലോചിച്ചാണ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. പക്ഷേ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി നിലനിർത്തി. തങ്ങൾ എന്താണ് ചെയ്യേണ്ടത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു മേഖലയാണ് സിനിമ. ദയവുചെയ്ത് ആ മേഖലയെ തകർക്കരുത്.