New Update
തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് 2024 - 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പരിസ്ഥിത, സാമൂഹിക, ഭരണ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടിയതിന് അനുസൃതമായി സുസ്ഥിര വികസനത്തിനായ പ്രതിബദ്ധത ശക്തമാക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. ആരോഗ്യ മേഖല, വനിതാ ശാക്തീകരണം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിലേക്ക് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നീക്കങ്ങള്‍ വിപുലമാക്കി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1.89 കോടി ആളുകളുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. 2025 സാമ്പത്തിക വര്‍ഷം സാമൂഹിക പ്രതിബദ്ധതാ നീക്കങ്ങള്‍ക്കായി ബാങ്ക് വകയിരുത്തിയത് 801 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 519 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം വര്‍ധനവാണിത്. ദീര്‍ഘകാല സാമൂഹിക വികസനത്തിനായുളള വര്‍ധിച്ചു വരുന്ന പ്രതിബദ്ധത കൂടിയാണിതു സൂചിപ്പിക്കുന്നത്.
സാമൂഹിക പ്രതിഫലനങ്ങള്‍
Advertisment
വനിതാ സ്വാശ്രയ സംഘങ്ങള്‍ വഴി വനിതകളെ ശാക്തീകരിക്കുന്നതില്‍ നിര്‍ണായക ശ്രദ്ധയാണു പതിപ്പിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം വനിതകളെയാണ് ഈ പദ്ധതിക്കു കീഴില്‍ പിന്തുണച്ചത്. ഇതോടെ തുടക്കം മുതലുള്ള ഗുണഭോക്താക്കളുടെ എണ്ണം 1.1 കോടിയിലെത്തി. ഈ നീക്കങ്ങള്‍ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള വനിതകള്‍ക്ക് വായ്പകള്‍ നേടാന്‍ അവസരം നല്‍കുകയും സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുകയും സുസ്ഥിര വരുമാന അവസരങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിനു പുറമെ കഴിവുകള്‍ വികസിപ്പിക്കുന്ന മേഖലയിലും കാര്‍ഷിക രംഗത്തും സൂക്ഷ്മ സംരംഭ മേഖലയിലും ഗ്രാമീണ ജീവിതവൃത്തി മെച്ചപ്പെടുത്തുന്നതിലുമായി 91 ലക്ഷത്തിലേറെ വ്യക്തികള്‍ക്ക് ഗുണം ലഭിക്കുകയുണ്ടായി.
ആരോഗ്യ സേവന രംഗത്തും ഐസിഐസി ബാങ്ക് തങ്ങളുടെ സേവനങ്ങള്‍ വിപുലമാക്കി. 550 ആശുപത്രികളുമായി സഹകരിച്ച് നാലു ലക്ഷം വ്യക്തികള്‍ക്കാണ് ബാങ്ക് ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കി. ആരോഗ്യ രംഗത്തെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ഇതോടെ 25 ലക്ഷത്തിലെത്തി. ആരോഗ്യ പരിചരണ രംഗത്തെ ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമായി ബാങ്ക് ടാറ്റാ മെമ്മോറിയല്‍ സെന്‍ററിന് 1800 കോടി രൂപയുടെ പിന്തുണ നല്‍കി. ഇന്ത്യയിലെമ്പാടുമായി മൂന്നു പുതിയ കാന്‍സര്‍ ആശുപത്രികള്‍ സ്ഥാപിക്കാന്‍ ഇതു വഴിയൊരുക്കും.
പരിസ്ഥിതി രംഗത്തെ നീക്കങ്ങള്‍
പരിസ്ഥിതി സംരക്ഷണമെന്നത് ഐസിഐസിഐ ബാങ്കിന്‍റെ മുഖ്യ പരിഗണനയായി തുടരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 3387 കോടി ലിറ്റര്‍ ശേഷിയാണ് ജല സംരക്ഷണത്തിനായി ലഭ്യമാക്കിയത്. 17,453 ജന സ്രോതസുകള്‍ പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനു പുറമെ മഴവെള്ള ശേഖരണത്തിനായുള്ള സംവിധാനങ്ങള്‍ 9690 സ്ക്കൂളുകളില്‍ നടപ്പാക്കുകയും ചെയ്തു. ഈ വര്‍ഷം 12 ലക്ഷം ചെടികള്‍ നട്ടതിലൂടെ 2022 സാമ്പത്തിക വര്‍ഷം മുതലുള്ള ആകെ എണ്ണം 49 ലക്ഷമായി ഉയര്‍ത്തി. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വന സംരക്ഷണ പദ്ധതികള്‍ വഴി വന നശീകരണത്തിനെതിരെയും ജൈവ വൈവിധ്യ സംരക്ഷണത്തിനായും സജീവ സംഭാവനകളാണ് ബാങ്ക് നല്‍കിയത്. ബീഹാറിലെ ഗയ ജില്ലയില്‍ പരമ്പരാഗത സംവിധാനങ്ങള്‍ വഴി 11,973 ഏക്കര്‍ കൃഷി ഭൂമിയില്‍ പിന്തുണ നല്‍കിയതും മഹാരാഷ്ട്രയില്‍ 1295 ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍ഷെഡ് പദ്ധതികള്‍ നടപ്പാക്കിയതും 370 കുടുംബങ്ങള്‍ക്കു പിന്തുണ നല്‍കിയതും ശ്രദ്ധേയമായ നീക്കങ്ങളായിരുന്നു.
ഭരണ, ഇഎസ്ജി തന്ത്രങ്ങള്‍
ഐസിഐസിഐ ബാങ്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണ ചട്ടക്കൂടുകളും ഇഎസ്ജി ഘടകങ്ങളും സംയോജിപ്പിച്ചു മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്‍റെ ഇഎസ്ജി അപകടസാധ്യത വിലയിരുത്തല്‍ സംവിധാനങ്ങള്‍ വിപുലമാക്കി കൂടുതല്‍ മേഖലകളിലേക്കു കടക്കാനുള്ള അവസരങ്ങളും ഒരുക്കി. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ വിലയിരുത്തുന്നതില്‍ ഇഎസ്ജി മാനദണ്ഡം ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഓരോ വ്യവസായ മേഖലയ്ക്കുമായി പ്രത്യേകമായ ഇഎസ്ജി വിശകലനങ്ങള്‍ കൊണ്ടു വന്നത് സുസ്ഥിരതാ നീക്കങ്ങളെ ശക്തമാക്കി. 2032 സാമ്പത്തിക വര്‍ഷത്തോടെ സ്കോപ് 1, സ്കോപ് 2 പുറംതള്ളലില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനും ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനും അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരം വര്‍ധിപ്പിക്കാനും ഇന്ത്യയിലെ സുസ്ഥിര വികസനത്തെ മുന്നോട്ടു നയിക്കാനുമുളള പ്രതിബദ്ധത തുടരുന്നതാണ് ഐസിഐസിഐ ബാങ്കിന്‍റെ 2025 സാമ്പത്തിക വര്‍ഷത്തെ ഇഎസ്ജി നീക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക, പരിസ്ഥിതി, ഭരണ ഘടകങ്ങള്‍ സംയോജിപ്പിച്ച് മുഖ്യ പ്രവര്‍ത്തനങ്ങളിലേക്കു കൊണ്ടു പോകുമ്പോള്‍ തങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രമല്ല ബാങ്ക് ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ സുസ്ഥിര വികസനത്തിനു പിന്തുണ നല്‍കുന്നതില്‍ നിര്‍ണായക പങ്കു കൂടിയാണ് അതിലൂടെ വഹിക്കുന്നത്.