/sathyam/media/media_files/2024/12/21/PKSqUBGTNfkQApSMpvCK.webp)
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വിആർ സജി ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ സന്ദേശം പുറത്ത്.
സിപിഎം കട്ടപ്പന മുൻ ഏരി. സെക്രട്ടറിയാണ് വിആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ജീവനക്കാരമായ ബിനോയ് പിടിച്ച് തള്ളിയെന്ന് സാബു ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് അയാൾ പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു പറഞ്ഞു.
ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിച്ചത് എന്തിനാണെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി.
പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ഒരു ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി.
കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിലെത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.