മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാഘോഷം ഒരുക്കാന്‍ ബിജെപി നടത്തിയ ശ്രമം തിരിച്ചടിയാകുന്നു. പള്ളിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചതില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തില്‍. വിവാദമായതോടെ പല നേതാക്കളും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമം

ഒടുവില്‍ മെഴുകുതിരി കത്തിച്ചു നേതാക്കള്‍ മടങ്ങുകയായിരുന്നു. പള്ളിയിലേക്കു വരുകയായുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് സംഭവമറിഞ്ഞു മടങ്ങി പോയി.

New Update
muthalakodam church

തൊടുപുഴ: പ്രധാനമന്ത്രി  നരേന്ദ്രമോഡിയുടെ 75 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ കുര്‍ബാനയും കേക്ക് മുറിക്കലും ഒരുക്കാന്‍ ബി.ജെ.പിയുടെ ശ്രമം പാര്‍ട്ടിക്കു തിരിച്ചടിയാകുന്നു.

Advertisment

പള്ളിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചതില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ആദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രിയ പാര്‍ട്ടി പള്ളിയുടെ ചിത്രം വെച്ചു പ്രചാരണം നടത്തുന്നത്.


ബിജെപി പരിപടിക്കു പള്ളിയുടെ പടം വെച്ചു നോട്ടീസും ഒരുക്കി പ്രചാരണവും നടത്തി. എന്നാല്‍, ഇന്നു രാവിലെ നടന്ന കുര്‍ബാനക്കിടെ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പരിപാടിയുമായി പള്ളിക്കു ബന്ധമില്ലെന്ന് അറിയിച്ചതോടെ ബി.ജെ.പി നേതാക്കള്‍ വെട്ടിലായി.


പള്ളിയെ രാഷ്ട്രിയ വല്‍ക്കരിക്കാന്‍ നടത്തിയ നീക്കത്തേയും വികാരി വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടികള്‍ക്കു പള്ളി വേദിയാക്കുന്നതിനോട് സഭയ്ക്കു യോജിപ്പില്ലെന്നും പള്ളി വികാരി തുറന്നു പറയുകയായിരുന്നു.

ഇതോടെ പള്ളിയിലേക്കു കടക്കാതെ ബി.ജെ.പി നേതാക്കള്‍ പള്ളി പരിസരത്തു നിന്നു തടിതപ്പി. ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിലാണ് ആഘോങ്ങള്‍ ഒരുക്കിയത്.

രാവിലെ ഏഴിനു നടക്കുന്ന കുര്‍ബാനയിലും പിന്നീട് നടക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങിലും പങ്കെടുക്കാന്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു, ബി.ജെ.പി. ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ്‌റ് പി.പി. സാനു, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി സോജന്‍ ജോസഫ്, മേഖല സെക്രട്ടറി വി.എന്‍.സുരേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണു നോട്ടീസില്‍ ഉണ്ടായിരുന്നത്.


ഷോണ്‍ ഒഴികെയുള്ളവര്‍ പള്ളപരിസരത്ത് എത്തിയിരുന്നു. എന്നാല്‍, പള്ളി വികാരി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കേക്ക് മുറിക്കല്‍ നടത്താന്‍ നേതാക്കള്‍ക്കായില്ല.


ഒടുവില്‍ മെഴുകുതിരി കത്തിച്ചു നേതാക്കള്‍ മടങ്ങുകയായിരുന്നു. പള്ളിയിലേക്കു വരുകയായുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജ് സംഭവമറിഞ്ഞു മടങ്ങി പോയി.

സംഭവം പുറത്തായതോടെ ബി.ജെ.പി നേതൃത്വത്തിനും കടുത്ത നാണക്കേടായി. ഇതോടെ പലരും പരിപാടിയുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനും ശ്രമം നടത്തുന്നുണ്ട്. ബി.ജെ.പിയുടെ ക്രൈസ്തവ പ്രീണനത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പള്ളിയില്‍ തന്നെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ ശ്രമം നടന്നത്.


പള്ളിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചിലരുടെ പിന്തുണയോടെയായിരുന്നു ഇത്. ഇവര്‍ക്കെതിരെയും വിശ്വാസികള്‍ തിരിഞ്ഞിട്ടുണ്ട്. വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയതോടെ വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ ഇടവകാംഗങ്ങള്‍ക്കായി കുറിപ്പും പുറത്തിറക്കി.


church order

ദൈവാലയത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യക്തികളുടെയും പാര്‍ട്ടികളുടെയും പേരിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

കോതമംഗലം രൂപതയ്‌ക്കോ മുതലക്കോടം ഇടവകയ്‌ക്കോ ഈ ആഘോഷ പരിപാടികളുമായി യാതൊരു ബന്ധവുമില്ല. ഇപ്രകാരം ഒരു ആഘോഷ പരിപാടി ഇവിടെ നടന്നിട്ടുമില്ല.

നമ്മുടെ ദൈവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് ഈ പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ഈ ദൈവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ലെന്നും കുറിപ്പില്‍ പറയുന്നു.

Advertisment