തിരഞ്ഞെടുപ്പ്: മാധ്യമങ്ങൾ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യണം: ജില്ലാ കളക്ടർ

അഭിപ്രായ വോെട്ടടുപ്പുകൾ കൃത്യമായും നിഷ്പക്ഷമായും റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. അഭിപ്രായ വോെട്ടടുപ്പുകളുടെയും പ്രക്ഷേപണത്തിന്റെയും നടത്തിപ്പ് ആരാണ്, പണം മുടക്കിയത് ആരാണ് എന്നിവ വെളിപ്പെടുത്തണം. 

New Update
ELECTION

ഇടുക്കി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ വസ്തുനിഷ്ഠമായ രീതിയിൽ പൊതുജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ഇലക്ഷൻ ഓഫീസറുമായ  ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 

Advertisment

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടടുപ്പ് സമാപനത്തിന് 48 മണിക്കൂർ സമയപരിധിയിൽ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങൾ നടത്തരുത്. 

1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1951 ലെ ജനപ്രാതിനിധ്യനിയമം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എന്നിവ അനുസരിച്ച്, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, പ്രചാരണ വിഷയങ്ങൾ, വോട്ടിംഗ് പ്രക്രിയകൾ, ആവശ്യമായ തിരഞ്ഞെടുപ്പ് വിഷയങ്ങൾ, എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ രീതിയിൽ പൊതുജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.

അഭിപ്രായ വോെട്ടടുപ്പുകൾ കൃത്യമായും നിഷ്പക്ഷമായും റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. അഭിപ്രായ വോെട്ടടുപ്പുകളുടെയും പ്രക്ഷേപണത്തിന്റെയും നടത്തിപ്പ് ആരാണ്, പണം മുടക്കിയത് ആരാണ് എന്നിവ വെളിപ്പെടുത്തണം. 

അഭിപ്രായ വോെട്ടടുപ്പുകളുടെ പ്രക്ഷേപണത്തോടൊപ്പം ഉപയോഗിച്ച രീതിശാസ്ത്രം സാമ്പിൾ വലിപ്പം, ഫീൽഡ് വർക്ക് തീയതികൾ, ഉപയോഗിച്ച ഡാറ്റ എന്നിവ വെളിപ്പെടുത്തണം. 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പു ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷമേ ഫലം സംബന്ധിച്ച വാർത്തകൾ നൽകാവൂ. 

അല്ലാതെ നൽകുന്ന ഫലപ്രഖ്യാപനവാർത്തകൾ അനൗദ്യോഗികമോ അപൂർണ്ണമോ ഭാഗികമോ ആണെന്നും അന്തിമഫലമായി കണക്കാക്കരുതെന്നും അറിയിക്കണം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ അവസാനിച്ചതും ഫലപ്രഖ്യാപനവും വരെ വാർത്താ പ്രക്ഷേപകർ നടത്തുന്ന പ്രക്ഷേപണങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. 

ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയിലെ (NBSA) അംഗങ്ങളായ പ്രക്ഷേപകർ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ ചട്ടങ്ങൾക്ക് വിധേയമായി നടപടി സ്വീകരിക്കും. 

1951-ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഒരു തരത്തിലുള്ള ഉള്ളടക്കവും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തിൽ ഉണ്ടാവാതെ ശ്രദ്ധിക്കണം.

വോട്ടിംഗ് പ്രക്രിയ, വോട്ടിംഗിന്റെ പ്രാധാന്യം, എങ്ങനെ, എപ്പോൾ, എവിടെ വോട്ട് ചെയ്യണം. 

വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യണം, ബാലറ്റിന്റെ രഹസ്യം എന്നിവയെക്കുറിച്ച് വോട്ടർമാരെ ഫലപ്രദമായി അറിയിക്കുന്നതിന്, സാധ്യമാകുന്നിടത്തോളം മാധ്യമങ്ങൾ  വിദ്യാഭ്യാസപരിപാടികൾ നടത്തണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും  നീതിയുക്തവും  സുതാര്യവുമായി നിർവ്വഹിക്കുന്നതിന് വിവിധ വാർത്താ മാധ്യമങ്ങളുടെ ആത്മാർത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. 

മറ്റു പൊതുതിരഞ്ഞെടുപ്പുകൾക്ക് ബാധകമാകുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കമ്മീഷൻ/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ/ വരണാധികാരി/മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും/ഉത്തരവുകളും ബന്ധപ്പെട്ടവർ പാലിക്കണമെന്ന കളക്ടർ അറിയിച്ചു.

ആധുനിക സാങ്കേതികവിദ്യകളിലൂടെ വ്യാജചിത്രങ്ങളും കൃത്രിമശബ്ദസന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാകും.

ബന്ധപ്പെട്ട ടിവി/റേഡിയോ/കേബിൾ/എഫ്എം ചാനലുകൾ/ഇന്റർനെറ്റ് വെബ്‌സൈറ്റുകൾ/സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികൾ (എക്‌സിറ്റ് പോളുകൾ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ജില്ലാ/തദ്ദേശ അധികാരികളെ സമീപിക്കാം.  

മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ, കേബിൾ നെറ്റ് വർക്ക് (റെഗുലേഷൻ) നിയമം  മര്യാദ, സാമുദായിക ഐക്യം നിലനിർത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ആക്ട്, 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ എന്നിവയിലെ വ്യവസ്ഥകൾ പാലിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾ നിയമാനുസൃതമായിരിക്കണം. അപകീർത്തികരമായ പ്രചാരണങ്ങൾ പാടില്ല.
 
പ്രചാരണത്തിനായി ഉപയോഗിക്കു എ.ഐ., അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ ഇമേജുകളിൽ അഹ Generated/ 'Digitally Enhanced'/ 'Synthetic Content എന്നിങ്ങനെ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളിക്കേണ്ടതാണ്. 

വീഡിയോയിൽ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യത്തെ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. 

ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുണ്ട്. 

ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കേണ്ടതാണ്.

സ്വതന്ത്രവും നീതിപൂർവവും, നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സഹകരിക്കണം. മറ്റ് പൊതുതിരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) യുടെ മാർഗനിർദേശങ്ങൾ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. 

എല്ലാ ഇന്റർനെറ്റ് വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000 ലെ ഇൻഫർമേഷൻ ആക്റ്റിലെ വ്യവസ്ഥകളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. 

പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും പ്രചാരണം നടത്തുന്നവരും  കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷൻസ് കമ്മിറ്റിയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സാമൂഹ്യമാധ്യമത്തിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അവ എത്രയും വേഗം നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കും.

കേബിൾ ടി വി നെറ്റ് വർക്ക് (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്.

സ്ഥാനാർത്ഥികളുടെയോ രാഷ്ട്രീയപാർട്ടികളുടെയോ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ എല്ലാ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും തുല്യപ്രാധാന്യം നൽകേണ്ടതാണ്.

വർഗീയമോ ജാതിപരമോ  ആയ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പാടില്ല. അതിനാൽ മതം, വംശം, ജാതി, സമൂഹം അല്ലെങ്കിൽ ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ വളർത്തുന്ന പ്രവണതയുള്ള റിപ്പോർട്ടുകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisment