/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
ഇടുക്കി: ഇടുക്കി പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം. വിനോദസഞ്ചാരികളായ എട്ട് പേർക്ക് പരുക്ക്. മൂന്ന് പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്.
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്.
പള്ളിവാസലിൽ എത്തിയ ശേഷം വിനോദ സഞ്ചാര സംഘത്തിൽ നിന്ന് കുറച്ച് പേർ പുറത്തിറങ്ങി നിർത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളിൽ കയറുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
ജീപ്പിന് മുകളിൽ കയറി നിന്നവരെ ജീപ്പ് ഡ്രൈവർമാർ മർദിച്ചിരുന്നു. പിന്നീട് ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു.പിന്നാലെ പൊലീസ് എത്തി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിനോദ സഞ്ചാരികൾ മദ്യപിച്ചാണ് എത്തിയതെന്നും അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നുമാണ് ജീപ്പ് ഡ്രൈവർമാർ പറയുന്നത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us