/sathyam/media/media_files/sL2Vh2FhIPrsjmY31Ugc.jpg)
പീരുമേട്: തമിഴ്നാട്ടിലെ തേനിയിൽ നിന്നും ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറി മോഷ്ടിച്ച് കടത്താൻ ശ്രമം. വ്യാഴാഴ്ച രാത്രി 11:40 ആയിരുന്നു സംഭവം.
കുട്ടിക്കാനത്ത് ചായ കുടിക്കാനായി ഇറങ്ങിയ ജീവനക്കാർ ലോറി ഓഫ് ആക്കാതെ ഹാൻഡ് ബ്രേക്ക് ഇട്ട് വെളിയിൽ ഇറങ്ങിയ സമയം മോഷ്ടാവ് ലോറിയുമായി കടക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയൻ (42) ആണ് ലോറിയുമായി കടന്നു കളഞ്ഞത്.
ഹാൻഡ് ബ്രേക്ക് റിലീസ് ആയതാണെന്നുള്ള ചിന്തയിൽ ഡ്രൈവർ അടുത്തുള്ളവരുടെ സഹായം അഭ്യർത്ഥിച്ചു. ഇതേസമയം സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നി പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ലോറിയെ പിന്തുടരുകയായിരുന്നു.
എന്നാൽ ഇവർ എത്തുന്നതിനു മുമ്പായി കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു മുമ്പിൽ അമിതവേഗതയിൽ എത്തിയ ലോറി മറിയുകയായിരുന്നു. സമീപത്ത് പൊന്തക്കാട്ടിൽ ഒളിച്ചുനിന്ന മോഷ്ടാവിനെ ഇവർ രണ്ടുപേരും ചേർന്ന് കീഴടക്കി പീരുമേട് പോലീസിന് കൈമാറി.
കുട്ടിക്കാനത്തെ സ്വകാര്യ കോളേജിൽ ഗ്ലാസ് പണിയിൽ ഏർപ്പെട്ട സുഹൃത്തുക്കളെ കാണുവാൻ എത്തിയതായിരുന്നു മോഷ്ടാവ്. ഇയാളുടെ പേരിൽ കൊയിലാണ്ടി പോലീസിൽ ആറിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
ഒരു എക്സൈസ് ഉദ്യോഗസ്ഥനെ കുത്തിയ കേസിലും ഇയാൾ പ്രതിയാണ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു