ഓണം ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ട് കുട്ടികളെ ഡാമിൽ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

New Update
2385555-irattayar

കട്ടപ്പന: ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കുട്ടികളെ ഇരട്ടയാർ ഡാമിൽ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കായംകുളം മൈലാടുംപാറ വീട്ടിൽ അമ്പാടി (അതുൽ -12)യാണ് മരിച്ചത്. അമ്മാവന്റെ മകൻ അപ്പു(എട്ട്)വിനെ ഇനിയും കണ്ടെത്താനായില്ല.

Advertisment

ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ വിരുന്നുവന്നതാണ് ഇരുവരും. ഇദ്ദേഹത്തിന്റെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. മകൻ രതീഷിൻ്റെ മകനാണ് കാണാതായ അപ്പു.

ഇന്ന് രാവിലെയാണ് ഇരട്ടയാർ ഡാമിന്റെ ടണൽ സൈറ്റിൽ രണ്ട് കുട്ടികളെയും കാണാതായത്. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഡാമിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുമ്പോൾ ഒരുകുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കവെയാണ് രണ്ടാമത്തെയാളും അപകടത്തിൽപെട്ടത്.

അതുലിന്റെ മൃതദേഹം ടണൽസൈറ്റിൽനിന്ന് തന്നെ കണ്ടെടുത്തു. ഇവിടെ നിന്ന് ഇടുക്കി ഡാമിലേക്ക് ആറുകിലോമീറ്റർ ദൈർഘ്യമുള്ള ടണലുണ്ട്. കാണാതായ അപ്പു ഇതിൽ അകപ്പെട്ടതായി സംശയിക്കുന്നു. ടണൽ ഇടുക്കി ഡാമിൽ കൂടിച്ചേരുന്ന അഞ്ചുരുളി ഭാഗത്ത് കുട്ടി എത്തിയെന്നാണ് സംശയിക്കുന്നത്. ഇവിടെയും തിരച്ചിൽ നടക്കുന്നുണ്ട്.

Advertisment