ചെറുതോണി/ തൊടുപുഴ: സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തടിയമ്പാട് പാലം ടെണ്ടർ നടപടിയിലേക്ക്.
എൻ.എച്ച് 185 അടിമാലി കുമളി ദേശീയപാതയുമായി ബന്ധപ്പെടുത്തി നേരത്തേ തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായി അലൈൻമെൻറിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്.
30 മീറ്റർ വീതിയിൽ ദേശീയപാത വികസനം വരുന്നതിനാൽ ആണ് വ്യത്യാസം വേണ്ടി വരിക. ഇപ്പോൾ തീരുമാനിച്ചതനുസരിച്ച് 31 മീറ്റർ നീളമുള്ള 6 സ്പാനുകൾ, 12.500 മീറ്റർ നീളമുള്ള 3 സ്പാനുകൾ കൂടി ചേർന്ന് 223.800 മീറ്റർ നീളത്തിൽ ആണ് പുതിയ പാലം നിർമ്മിക്കുന്നത്.
മൊത്തത്തിൽ12.9 മീറ്റർ ആണ് പാലത്തിന് വീതി വരുന്നത്. 1.80 മീറ്റർ വീതിയിൽ രണ്ടു വശത്തും ഫുട്പാത്തുകളും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
32 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടുള്ളത്.
2018ൽ പ്രളയകാലഘട്ടത്തിൽ ഇടുക്കി ഡാം തുറന്നു വിട്ടപ്പോൾ നിലവിലുള്ള ചപ്പാത്ത് തുടർച്ചയായ ദിവസങ്ങളിൽ വെള്ളത്തിനടിയിൽ ആയപ്പോൾ ആണ് പുതിയ പാലം നിർമ്മിക്കുന്നതിന് ആലോചനയുണ്ടായത്.
എന്നാൽ 5 കോടി മുടക്കി നിലവിലുള്ള ചപ്പാത്ത് പുനർനിർമ്മിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് വന്ന വർഷങ്ങളിലും മഴ കനത്തപ്പോൾ വീണ്ടും ചപ്പാത്ത് തകർക്കപ്പെട്ടു. ആ സാഹചര്യത്തിലാണ് പുതിയ പാലം എന്ന ആവശ്യം ശക്തിപ്പെട്ടത്.
ആഘട്ടത്തിൽ കേന്ദ്ര സർക്കാർ സേതു ബന്ധൻ പദ്ധതി അനുവദിച്ചപ്പോൾ എം.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് പദ്ധതിക്ക് അനുമതിയായത്. നിലവിൽ ചെറുതോണിയിൽ പുതിയ പാലം നിർമ്മിക്കപ്പെട്ടത് 10 മീറ്റർ ഉയരത്തിൽ ആണ്. അതിനേക്കാൾ ഉയരത്തിലാണ് പുതിയ പാലം നിർമ്മിക്കപ്പെടുന്നത്.
നിലവിൽ പാലം പണി പൂർത്തീകരിക്കപ്പെടുമ്പോൾ നിലവിലുളള ഇടുക്കി - തങ്കമണി സി.ആർ.ഐ.എഫ്റോഡ് വരെയും ബി.എം. & ബി.സി. നിലവാരത്തിൽ റോഡ് ടാറിംഗും പൂർത്തീകരിക്കും.
ജില്ലാ ആസ്ഥാന വികസനവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ വികസനമാണ് തടിയമ്പാട് പാലം പൂർത്തീകരിക്കപ്പെടുക വഴി യാഥാർത്ഥ്യമാകുന്നത് എന്നും ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.