നെടുങ്കണ്ടം: ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്കയും വാഹനവും ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 60 ലക്ഷം രൂപ വിലവരുന്ന ഏലക്കയാണ് ബോഡിമെട്ട് ചെക്പോസ്റ്റിലൂടെ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.
സംസ്ഥാന ജിഎസ്ടി വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആന്റ് ഇന്റലിജന്‍സ് ജോ.കമീഷണര്‍ ബി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബിഎല്‍റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയത്.
ഏലക്കയും വാഹനവും ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കിയ ശേഷം ഏലക്കയും വാഹനവും വിട്ടു നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി തമിഴ്നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.