ഇടുക്കി: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ തോമസിനും കുടുബത്തിനും കണ്ടെയ്‌നർ ഹോം നിർമിച്ച് നൽകി അരിക്കൊമ്പൻ ഫാൻസ്.
2010ലാണ് അരിക്കൊമ്പന്റെ ആക്രമണത്തിൽ തോമസിന്റെ വലതു തോളിന് ഗുരുതരമായി പരിക്കേൽക്കുന്നത്.
തന്നെ ഉപദ്രവിച്ച കാട്ടാനയെ ചിന്നക്കനാലിലെ ആവാസ വ്യവസ്ഥയിൽ തന്നെ തുടരാനനുവദിക്കണമെന്ന നിലപാടെടുത്ത് രംഗത്തെത്തിയവരുടെ കൂട്ടത്തിൽ തോമസും ഭാര്യ വിജയമ്മയും മുന്നിൽ തന്നെയുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ തോമസിനും വിജയമ്മയ്ക്കും കണ്ടെയ്‌നർ ഹോം നിർമിച്ച് നൽകിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള അരിക്കൊമ്പൻ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ.
ആറ് മാസം മുമ്പാണ് ഇവരുടെ താൽക്കാലിക ഷെഡിന് സമീപത്തു തന്നെ പുതിയ കണ്ടെയ്‌നർ ഹോം നിർമിച്ച് നൽകിയത്.
2003ൽ സർക്കാർ ഒരു ഏക്കർ സ്ഥലം നൽകി ഇവരെ പുനരധിവസിപ്പിക്കുകയായിരുന്നു. എന്നാൽ ഈ പ്രദേശത്ത് ആന ശല്യം രൂക്ഷമായിരുന്നുവെന്ന് തോമസ് പറയുന്നു.
കഴിഞ്ഞ 21 വർഷത്തിനിടയിൽ കാട്ടാനകൾ തങ്ങളുടെ താൽക്കാലിക ഷെഡ് ആറ് തണവയെങ്കിലും തകർത്തിട്ടുണ്ട്.
മിക്ക ആക്രമണങ്ങൾക്കും നേതൃത്വം നൽകിയത് മുറിവാലൻ എന്ന ആനയാണ്. ആറ് മാസം മുമ്പ് ഈ ആന ചെരിഞ്ഞു.
ആനകൾ നാശങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവയോട് ഒരു വിദ്വേഷവും തോന്നുന്നില്ലെന്ന് തോമസ് പറയുന്നു.
അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തന്നെ കൊണ്ടുവരണമെന്നാണ് വിജമ്മയുടേയും അഭിപ്രായം. മറ്റ് കാട്ടാനകളുമായി താരതമ്യം ചെയ്യുമ്പോൾ അരിക്കൊമ്പൻ പ്രശ്‌നക്കാരനല്ലായിരുന്നു. എന്നിട്ടും എല്ലാ കുറ്റങ്ങളും അവന്റെ മേൽ വന്നുവെന്ന് വിജയമ്മ പറഞ്ഞു.