വാഗമണ്‍ ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍; നേപ്പാളിന്റെ അമന്‍ ഥാപയും ദക്ഷിണ കൊറിയയുടെ യുന്‍യങ് ചോയും വിജയികള്‍

New Update
para glyding championship

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സമാപനം. നേപ്പാളിന്റെ അമന്‍ ഥാപ പുരുഷ വിഭാഗത്തിലും ദക്ഷിണ കൊറിയയുടെ യുന്‍യങ് ചോ വനിതാ വിഭാഗത്തിലും ജേതാക്കളായി.

Advertisment

വാഗമണ്‍ ഇന്റര്‍നാഷണല്‍ ആക്യുറസി കപ്പ് 2025 വിജയികള്‍ക്കുള്ള സമ്മാനദാനം അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രദീപ് കുമാര്‍, ഷൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എമന്‍ റുംടെല്‍ ഫസ്റ്റ് റണ്ണറപ്പും സോനം ലക്ഷ്മി സെക്കന്റ് റണ്ണറപ്പുമായി. വനിതാ വിഭാഗത്തില്‍ ജുങ്മിന്‍ കാങ് (ദക്ഷിണ കൊറിയ) ഫസ്റ്റ് റണ്ണറപ്പും അയാന അസ്‌കര്‍ (കസാഖിസ്ഥാന്‍) സെക്കന്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.

para glyding championship-2

ടീം വിഭാഗത്തില്‍ യങ്‌വാ (ദക്ഷിണ കൊറിയ, ഇന്ത്യ) യാണ് ജേതാക്കള്‍. ഫ്‌ളൈ വര്‍ക്കല ഫസ്റ്റ് റണ്ണറപ്പും ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സെക്കന്റ് റണ്ണറപ്പുമായി. ഓവറോള്‍ വിഭാഗത്തില്‍ നേപ്പാളിന്റെ അമന്‍ ഥാപ ജേതാവായി. എമന്‍ റുംടെല്‍ ആണ് ഫസ്റ്റ് റണ്ണറപ്പ്. യുന്‍യങ് ചോ സെക്കന്റ് റണ്ണറപ്പ്.

എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ഒന്നരലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ആറ് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 14 വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍പങ്കെടുത്തു. മൊത്തം 20 ഓളം വിദേശ താരങ്ങളും മാറ്റുരച്ചു.

ഫെഡറേഷന്‍ ഓഫ് എയ്‌റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്‌റോക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചത്. ഫ്‌ളൈ വാഗമണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍.

പാരാഗ്ലൈഡിംഗ് ആക്യുറസി ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ടീം, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ ഓവറോള്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ഇന്ത്യന്‍ വിമന്‍, പാരാഗ്ലൈഡിംഗ് ആക്യുറസി ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

വാഗമണില്‍ നിന്നും നാല് കി.മി അകലെ സ്ഥിതിചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്ക് വേദിയായത്.

Advertisment