ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തില്‍ അന്വേഷണം. വിരൽ അടയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം

അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനൽകിയത്. ഈ തുകയുൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.

New Update
police vehicle

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്ന് മുതൽ അന്വേഷണം തുടങ്ങും. 

Advertisment

വീട്ടിൽ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്യാൻസർ രോഗിയായ അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. 

ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. 

കട്ടിലിൽ കെട്ടിയിട്ട ശേഷം ഇവരുടെ വായിൽ തുണി തിരുകിയാണ് പേഴ്സിലുണ്ടായിരുന്ന 16500 രൂപ കവർന്നത്. അയൽവാസികൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. 

ഉടൻ തന്നെ അടിമാലി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വർഷങ്ങളായി ചികിത്സതുടരുന്ന ഉഷ, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണ്. അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനൽകിയത്. ഈ തുകയുൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.